ന്യൂഡല്‍ഹി: കോവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അടിയന്തിര അനുമതി തേടി കമ്പനി. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് കമ്പനി അപേക്ഷ നല്‍കി. പരീക്ഷണത്തില്‍ 95 ശതമാനം ഫലം കണ്ടതായി അവകാശപ്പെടുന്ന വാക്‌സിനാണ് ഫൈസര്‍. ബ്രിട്ടനും ബഹ്‌റൈനും ഫൈസറിന് ഇതിനകം അനുമതി നല്‍കിയിട്ടുണ്ട്.
ഡിസംബര്‍ നാലിനാണ് ഫൈസര്‍ ഇന്ത്യ അനുമതി തേടി അപേക്ഷ നല്‍കിയത്. മരുന്ന് ഇറക്കുമതി ചെയ്യാനും ഇന്ത്യയില്‍ വിതരണം ചെയ്യാനുമുള്ള അനുമതി ചോദിച്ചാണ് അപേക്ഷ. 'ഡിസംബർ 4ന് ഫൈസർ മരുന്ന് വിതരണം ചെയ്യാനുള്ള അനുമതി തേടി അപേക്ഷ നൽകിയിട്ടുണ്ട്. ഡി.സി.ജി.ഐയോട് അടിയന്തിരമായി അനുമതിയാണ് ആവശ്യപ്പെട്ടത്'- ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർക്കാർ അനുമതി പ്രകാരം, അംഗീകാരമുള്ള അതോറിറ്റികൾക്കു മാത്രമേ ഫൈസർ വാക്സിൻ നൽകുകയുള്ളൂവെന്ന് കമ്പനി അധികൃതർ സൂചിപ്പിച്ചു. അതേസമയം വാക്‌സിന്‍ മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടി വരുമെന്നുളളതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ചെറു നഗരങ്ങളിലും റൂറൽ ഭാഗങ്ങളിലും ഇങ്ങനെ സൂക്ഷിക്കേണ്ടി വരുന്നത് വെല്ലിവിളിയാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിവരം.
അഞ്ച് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് ഇന്ത്യയിലടക്കം പരീക്ഷണ ഘട്ടത്തിലുള്ളത്. ഐസിഎംആറിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഭാരത് ബയോടെക്കിന്റെ വാക്‌സിനും ഓക്‌സ്ഫഡിന്റെ അസ്ട്രാസെനക വാക്‌സിനും അവസാനഘട്ട പരീക്ഷണത്തിലാണ്. നേരത്തേ ഇവയുടെ പരീക്ഷണം നടക്കുന്ന കേന്ദ്രങ്ങൾ പ്രധാനമന്ത്രി മോദി സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.