ഹൈദരാബാദ്: ഫോൺ ചോർത്തുകയും ചില ഔദ്യോഗിക വിവരങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെകൂടി അറസ്റ്റ് ചെയ്തു. അഡീഷണൽ ഡി.സി.പി തിരുപത്തണ്ണ, അഡീഷണൽ പൊലീസ് സൂപ്രണ്ട് എൻ ഭുജംഗ റാവു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്ന് ആയി.
ബി.ആർ.എസ് സർക്കാരിന്റെ കാലത്ത് വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള വിവരങ്ങൾ നശിപ്പിച്ചുവെന്നും ഫോൺ ചോർത്തലിൽ നേരത്തെ അറസ്റ്റിലായ ഡി.എസ്.പി ഡി. പ്രണീത് റാവുവിനെ സഹായിച്ചുവെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം.
കെ.സി.ആറിന്റെ ബി.ആർ.എസ് പാർട്ടിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുൻ എസ്.ഐ.ബി മേധാവി ടി. പ്രഭാകർ റാവു, മുൻ ടാസ്‌ക്‌ഫോഴ്‌സ് ഡി.സി.പി രാധാ കിഷൻ റാവു എന്നിവരും നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.
സ്വകാര്യ വ്യക്തികളുടെപേരിൽ പ്രൊഫൈലുകൾ നിർമിച്ച് നിയമവിരുദ്ധയമായി മറ്റുള്ളവരെ നിരീക്ഷിക്കുക, ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുക, പൊതുമുതൽ നശിപ്പിച്ച് തെളിവ് നശിപ്പിക്കുക, ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മാർച്ച് 10 ന് എസ്.ഐ.ബിയുടെ അഡിഷണൽ പൊലീസ് സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചഗുട്ട പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.