ബി.ജെ.പി നേതാക്കളെ വിളിച്ചതോടെ തന്‍റെ ഫോൺ നിശ്ചലമായെന്ന് പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥി

ന്യൂഡൽഹി: ഉപ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് തേടി ബി.ജെ.പി നേതാക്കളെ വിളിച്ചതിന് പിന്നാലെ തന്‍റെ ഫോൺ പ്രവർത്തിക്കുന്നില്ലെന്നും കോളുകൾ വരുന്നില്ലെന്നും പ്രതിപക്ഷ സംയുക്ത സ്ഥാനാർഥി മാർഗരറ്റ് ആൽവ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ബി.ജെ.പിയിലെ സുഹൃത്തുക്കളുമായി ആൽവ തിങ്കളാഴ്ച ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷം കോളുകൾ ലഭിക്കുന്നില്ലെന്നും വരുന്ന കോളുകൾ മാറിപ്പോകുന്നതായി അറിയാൻ കഴിഞ്ഞതായും മാർഗരറ്റ് ആൽവ ട്വീറ്റ് ചെയ്തു.

സിം കാർഡിലെ തകരാറ് സർക്കാർ ഉടമസ്തതയിലുള്ള എം.ടി.എൻ.എൽ മാറ്റി തന്നാൽ ബി.ജെ.പി, തൃണമൂൽ, ബി.ജെ.ഡി പാർട്ടികളിലെ എം.പിമാരെ വിളിച്ച് ഇന്ന് രാത്രി വോട്ട് തേടില്ലെന്ന് ട്വിറ്ററിലൂടെ ആൽവ പരിഹസിച്ചു. സിം കാർഡ് തടഞ്ഞുവെച്ചതായി ഫോണിലേക്ക് വന്ന സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സിം പ്രവർത്തന രഹിതമാകുന്നത്.

"'പുതിയ ഭാരതത്തിൽ' രാഷ്ട്രീയക്കാർ തമ്മിൽ നടത്തുന്ന എല്ലാ സംഭാഷണങ്ങളും 'ബിഗ് ബ്രദർ' കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. ഇത് ഭയന്ന് നേതാക്കൾക്കെല്ലാം പല നമ്പർ ഉപയോഗിക്കുകയാണ്. പലപ്പോഴായി നമ്പർ മാറ്റേണ്ടിയും വരുന്നു. നേരിട്ട് കാണുമ്പോൾ തുറന്ന് സംസാരിക്കാൻ കൂടി ഭയപ്പെടുന്ന അവസ്ഥയാണ്. ഭയം ജനാധിപത്യത്തെ കൊല്ലും"- മാർഗരറ്റ് ആൽവ പ്രതിഷേധ ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി ജഗ്ദീപ് ധൻകറാണ് ആൽവയുടെ എതിരാളി. പ്രചാരണത്തിന്‍റെ ഭാഗമായി ആൽവ വിവിധ പാർട്ടിയിലെ നേതാക്കളെ ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് സിം കാർഡിന്‍റെ തകരാർ കണ്ടെത്തുന്നത്.

Tags:    
News Summary - Phone Not Working After Calling Friends in BJP: Oppn VP Candidate Margaret Alva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.