ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് ആശുപത്രികൾക്കായി പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും വെൻറിലേറ്ററുകൾ വാങ്ങാൻ തുക ചെലവഴിച്ചതിൽ വൻ അഴിമതി. പി.എം കെയേഴ്സിന് കീഴിൽ വാങ്ങിയ വെൻറിലേറ്ററുകൾക്ക് സാധാരണ വെൻറിലേറ്ററുകളുടെ വിലയേക്കാൾ വൻ വ്യത്യാസമുണ്ട്. വെൻറിലേറ്ററുകൾ നിർമിച്ച രണ്ട് കമ്പനികളെ ഡി.ജി.എച്ച്.എസിന് കീഴിൽ രൂപീകരിച്ച സാങ്കേതിക സമിതി ശിപാർശ ചെയ്തിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയിൽ വ്യക്തമാക്കുന്നു.
അവശ്യ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ട് വഴി അനുവദിച്ച തുക ഉപയോഗിക്കുന്നത് സംബന്ധിച്ച വിവരാവകാശ പ്രതികരണത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി രൂപവത്കരിച്ച സമിതിയുടെ അനുമതിയില്ലാതെ പർച്ചേസ് ഉത്തരവ് നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പി.എം കെയേഴ്സ് ഫണ്ടിൽ നിന്നും കേന്ദ്ര സർക്കാറിനു കീഴിലുള്ള ആശുപത്രികൾക്ക് ലഭിച്ച തുക, വെൻറിലേറ്ററുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി ജൂൺ 18ന് വിവരാവകാശ പ്രവർത്തക അഞ്ജലി ഭരദ്വാജ് നൽകയ അപേക്ഷയിലാണ് വെൻറിലേറ്റർ തട്ടിപ്പ് പുറത്തു വന്നിരിക്കുന്നത്. പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് അനുവദിച്ച ആകെ തുക, വിതരണം ചെയ്ത മൊത്തം വെൻറിലേറ്ററുകളുടെ എണ്ണം, െവൻറിലേറ്റുകൾക്കായി ഫണ്ട് വിതരണം ചെയ്തത്, ഇവ ലഭിച്ച ആശുപത്രികളുടെ പേര് എന്നീ വിവരങ്ങളും അഞ്ജലി വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചിരുന്നു.
വിവരാവകാശ അപേക്ഷയിൽ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ജൂലൈ 20 ന് നൽകിയ മറുപടിയിൽ, ഡൽഹിയിലെ ഡി.ആർ.ഡി.ഒ കോവിഡ് ആശുപത്രിക്ക് 250 പി.എം കെയേഴ്സ് വെൻറിലേറ്ററുകളും ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിലേക്ക് മൂന്നെണ്ണവും നൽകിയെന്നും വെൻറിലേറ്ററുകൾ വാങ്ങുന്നതിന് ആശുപത്രികൾക്ക് ഫണ്ട് നൽകുന്നില്ലെന്നും വ്യക്തമാക്കുന്നു.
58,850 'മെയ്ക്ക് ഇൻ ഇന്ത്യ' വെൻറിലേറ്ററുകൾക്കായി ആരോഗ്യ മന്ത്രാലയവും എച്ച്.എൽ.എല്ലും ഓർഡറുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ വെൻറിലേറ്ററുകൾ വാങ്ങുന്നതിന് പി.എം കെയേഴ്സിൽ നിന്നും 2,000 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. വെൻറിലേറ്ററുകൾക്കായുള്ള ഓർഡർ സ്വീകരിക്കാൻ തയാറായ ആറു കമ്പനികളിൽ മൂന്നെണ്ണം മാത്രമേ ഡി.ജി.എച്ച്.എസിന് കീഴിൽ രൂപീകരിച്ച സാങ്കേതികസമിതി ശിപാർശ ചെയ്തിട്ടുള്ളൂവെന്നും മറുപടിയിൽ പറയുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,100 വെൻറിലേറ്ററുകൾ അനുവദിച്ചിട്ടുണ്ടെന്നും രേഖകളിലുണ്ട്.
കമ്പനികളുടെ പേരുകൾ, ഓർഡർ ചെയ്ത വെൻറിലേറ്ററുകളുടെ എണ്ണം, വില എന്നിവയും വിവരാവകാശ രേഖയിൽ നൽകിയിട്ടുണ്ട്. എന്നാൽ ഈ പട്ടികയിൽ വെൻറിലേറ്ററുകളുടെ വിലയിൽ വലിയ വ്യത്യാസമാണ് കാണിക്കുന്നത്. പട്ടിക പ്രകാരം, 'അലൈഡ് മെഡിക്കൽ' കമ്പനിയിൽ നിന്നുള്ള ഓരോ വെൻറിലേറ്ററിനും 8.62 ലക്ഷം രൂപയും 'അഗ്വ ഹെൽത്ത് കെയർ' കമ്പനിയിൽ നിന്നുള്ളവർക്ക് 1.66 ലക്ഷം രൂപയുമാണ് വിലവരുന്നത്.
സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച 17,100 വെൻറിലേറ്ററുകളുടെ വിശദാംശങ്ങൾ, ഇവ അനുവദിച്ച ആശുപത്രികളുടെ പേരുകൾ, വെൻറിലേറ്ററുകളുടെ എണ്ണം മുതലായവ പബ്ലിക് ഡൊമൈനിൽ നിന്നും കണ്ടെത്താൻ കഴിയില്ലെന്നും വിവരാവകാശ പ്രവർത്തക ഭരദ്വാജ് പറയുന്നു.
പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിൽ നിന്ന് വെൻറിലേറ്ററുകൾ വിതരണം ചെയ്യുന്നതിനെക്കുറിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻെറ അഭിപ്രായങ്ങൾ തേടി അയച്ച കത്തിടപാടുകളുടെ പകർപ്പ് ലഭിക്കാനും ഭരദ്വാജ് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള ആശയവിനിമയത്തിൻെറ പകർപ്പ് ലഭിച്ചിട്ടുണ്ട്. 2020 മെയ് 18ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ഭാസ്‌കർ ഖുൽബെ, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറിക്ക് അയച്ച കത്തിെൻറയും ഇവരുടെ മറുപടി കത്തിെൻറയും പകർപ്പാണ് നൽകിയിട്ടുള്ളത്.
പി.എം കെയേഴ്സ് ഫണ്ട് വഴി 50,000 വെൻറിലേറ്ററുകൾ വാങ്ങുന്നതിനുള്ള ധനസഹായം നൽകുന്നതിന് രൂപീകരിച്ച സമിതിയുടെ ശിപാർശകൾ ഉൾക്കൊണ്ട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങൾക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിരുന്നതായി ഖുൽബെയുടെ കത്തിൽ സൂചനയുണ്ട്. വെൻറിലേറ്ററുകൾ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള മുഴുവൻ പ്രക്രിയയും സർക്കാർ സംഭരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മന്ത്രാലയം നടത്തുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വെൻറിലേറ്ററുകൾ പി.എം കെയേഴ്സ് ഫണ്ടിൽ നിന്ന് വിതരണം ചെയ്തതാണെന്ന് കാണിക്കുന്ന ഐഡൻറ്റിറ്റി അതിലുണ്ടാകണമെന്ന് നിർമ്മാതാക്കളെ അറിയിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം നൽകിയിട്ടുള്ള രേഖയിൽ കമ്പനികളുടെ പേരുകൾ, പർച്ചേസ് ഓർഡർ, പർച്ചേസ് ഓർഡർ മൂല്യം, നൽകിയ അഡ്വാൻസ് എന്നിവ ഉൾക്കൊള്ളുന്ന വിശദമായ പ്രസ്താവന ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഒരു കമ്പനിക്ക് 166 കോടി രൂപയുടെ പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
പർച്ചേസ് ഓർഡർ പട്ടികയിൽ വെൻറിലേറ്ററുകളുടെ വിലനിർണ്ണയത്തിൽ വലിയ അന്തരം കാണിക്കുന്നു. ഉന്നതസമിതിയുടെ അനുമതിയില്ലാെത ഓർഡർ നൽകിയിട്ടുണ്ട്. ജ്യോതി സി.എൻ.വി ഓട്ടോമേഷൻ, എ.എം.ടി.ജെ ബേസിക് എന്നീ രണ്ട് കമ്പനികൾ അഡ്വാൻസ് വാങ്ങിയിട്ടുണ്ടെന്നും എന്നാൽ ഈ കമ്പനികൾ ഡി.ജി.എച്ച്.എസിന് കീഴിലുള്ള സാങ്കേതിക സമിതി ശിപാർശ ചെയ്തിട്ടില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.