ഉത്തരാഖണ്ഡ് പ്രളയം: മോദിയുടെ ആരോപണം തള്ളി കോൺഗ്രസ്

ബംഗളൂരു: 2013ലെ ഉത്തരാഖണ്ഡ് പ്രളയം സംബന്ധിച്ച് യു.പി.എ സർക്കാറിനെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുന ഖാർഗെ. കേന്ദ്ര സർക്കാറിന്‍റെ ഭരണപരാജയങ്ങൾ പ്രതിപക്ഷത്തിന്‍റെ തലയിൽ കെട്ടിവെക്കാനാണ് മോദി പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയതെന്ന് ഖാർഗെ പറഞ്ഞു. മോദി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒാടിയൊളിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച മോദി, പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ യു.പി.എ സർക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. 2013ൽ കേദാർനാഥിനെ തകർത്ത പ്രളയ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ താൻ സഹായം വാഗ്ദാനം ചെയ്തെങ്കിലും യു.പി.എ സർക്കാർ നിരാകരിച്ചെന്നാണ് മോദി ആരോപിച്ചത്. മോദിയുടെ പ്രസ്താവന തള്ളികളഞ്ഞ ഖാർഗെ, ഒരു പ്രധാനമന്ത്രി പറയേണ്ട വാചകങ്ങളല്ല മോദിയിൽ നിന്ന് ഉണ്ടായതെന്ന് കുറ്റപ്പെടുത്തി. 

പ്രളയ സമയത്ത് രാജ്യം ഭരിച്ച യു.പി.എ സർക്കാർ എല്ലാവിധ പിന്തുണയും ഉത്തരാഖണ്ഡ് സർക്കാറിനും സന്നദ്ധ  സംഘടനകൾക്കും നൽകിയിട്ടുണ്ട്. താനന്ന് റെയിൽവേ മന്ത്രിയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ജനങ്ങളെ പ്രളയമേഖലയായ ഹരിദ്വാറിൽ നിന്ന് നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ആവശ്യപ്പെട്ടിരുന്നു. ഉടൻ തന്നെ നടപടി സ്വീകരിച്ചതായും ഖാർഗെ വ്യക്തമാക്കി. 

പ്രധാനമന്ത്രിയുമായി ആലോചിച്ച ശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്ക് പുതിയ വാഗ്ദാനങ്ങൾ നൽകി രാഷ്ട്രീയ നേട്ടം കൈവരിക്കാനാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം നീട്ടിവെപ്പിച്ചതെന്നും ഖാർഗെ ആരോപിച്ചു. 

ഗുജറാത്തിലെ ബി.ജെ.പിയുടെ മുഖം സംസ്ഥാന മുഖ്യമന്ത്രിയല്ല, പ്രധാനമന്ത്രി മോദിയാണ്. ഒരു വ്യക്തിയുടെ പേരിൽ ബി.ജെ.പിക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. മോദിയുടെ മുഖം വെച്ചുള്ള രാഷ്ട്രീയകളി എത്ര സംസ്ഥാനങ്ങളിൽ നടക്കുമെന്നും ഖാർഗെ ചോദിച്ചു. 

Tags:    
News Summary - PM Modi blaming others to hide his govt.'s failures says Congress Leader Mallikarjun Kharge -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.