മൈസൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തന്റെ പ്രസംഗം വിവർത്തനം ചെയ്തയാൾ കത്തിക്കയറി പ്രസംഗിക്കുന്നത് കേട്ട് അസ്വസ്ഥനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒടുവിൽ വിവർത്തനം നിർത്താൻ ആവശ്യപ്പെട്ട മോദി, താൻ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാമെന്നും അത് ശ്രോതാക്കൾക്ക് മനസ്സിലാകുമെന്നും പറഞ്ഞ് വിവർത്തകനെ ‘നൈസായി’ ഒഴിവാക്കി. ഞായറാഴ്ച മൈസൂരു ജില്ലയിലെ നഞ്ചനഗുഡിലെ പൊതുയോഗത്തിലാണ് സംഭവം.
നഞ്ചൻഗുഡിലെ യെലചഗരെ ബോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ഹിന്ദിയിലാണ് മോദി പ്രസംഗിച്ചത്. ഇതിന്റെ കന്നഡ വിവർത്തനം നടത്താൻ ചുമതലപ്പെടുത്തിയത് മുൻ ബി.ജെ.പി എം.എൽ.സി ജി. മധുസൂദനനെയായിരുന്നു. അദ്ദേഹം ഹിന്ദിയിൽ നിന്ന് കന്നഡയിലേക്ക് നീട്ടിപ്പരത്തി തർജ്ജമ ചെയ്യുന്നത് അക്ഷമനായാണ് മോദി കേട്ടു നിന്നത്. ‘‘ഞാൻ പറഞ്ഞത് നാല് വരി, നീ പറയുന്നത് നാനൂറ് വരി!’’ എന്ന ഭാവമാണ് മോദിയുടെ മുഖത്തുണ്ടായിരുന്നതെന്ന് നെറ്റിസൺസ് ഇതിന് കമന്റ് ചെയ്തു.
മോദി രൂക്ഷമായി നോക്കിയിട്ടും വിവർത്തകനായ മധുസൂദനൻ അതൊന്നും കൂസാക്കിയില്ല. ഒടുവിൽ, തർജ്ജമ നോൺസ്റ്റോപ്പായി കത്തിക്കയറുമെന്ന് മനസ്സിലാക്കിയ മോദി അദ്ദേഹത്തെ അരികിലേക്ക് വിളിച്ചു. എന്റെ പ്രസംഗം ആളുകൾക്ക് മനസ്സിലാകുന്നുണ്ടെന്നും അതിനോടവർ പ്രതികരിക്കുന്നുണ്ടെന്നും ജനങ്ങൾക്ക് വിവർത്തനം ആവശ്യമില്ലാത്തതിനാൽ ഹിന്ദിയിൽ തന്നെ പ്രസംഗിക്കാം എന്നും പറഞ്ഞു അദ്ദേഹത്തോട് സീറ്റിൽ പോയിരിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് സദസ്സിനെ അഭിമുഖീകരിച്ച് “നിങ്ങളാണ് എന്റെ യജമാനൻ. നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യും” എന്ന് പറഞ്ഞ് ഹിന്ദിയിൽ സംസാരിക്കാൻ സദസ്സിന്റെ അനുവാദം തേടി. "കന്നഡികരുടെ സ്നേഹം ഇതാണ്. ഭാഷ ഒരു തടസ്സമല്ല. ഈ സ്നേഹം ഞാൻ മറക്കില്ല” എന്നും മോദി പുകഴ്ത്തി. ഹിന്ദി മാതൃഭാഷയായ ആളല്ല താനെന്നും ഹിന്ദിയിൽ സംസാരിക്കുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ അസ്വസ്ഥതയോടെയുള്ള നിൽപിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളാണ് രസകരം. ‘ആദ്യമായിട്ടാണ് ക്യാമറയെ അല്ലാതെ വേറൊന്നിനെ കുറച്ചു കൂടുതൽ നേരം നോക്കുന്നത് കാണുന്നത്‘ ‘അതും കലിപ്പ് നോട്ടം, വിവർത്തകൻ വെടി കൊണ്ട് ചത്തോ ആവോ’ ‘ഇതിപ്പോ വിവര്‍ത്തകനാണോ പ്രസംഗകന്‍ അതോ പ്രസംഗകനാണോ വിവര്‍ത്തകന്‍? വിശ്വകുരു കലിപ്പിലായതില്‍ കുറ്റം പറയാനാകില്ല’ ‘പാവം വിവർത്തകന്റെ വീട്ടിൽ ED എത്തിയെന്നു കേൾക്കുന്നു’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.