മോദി നാമനിർദേശ പത്രിക സമർപ്പിച്ചു

വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമങ്കത്തിന് വാരാണസി ലോക്സഭ മണ്ഡലത്തിൽ പത്രിക നൽകി. ചൊവ്വാഴ്ച രാവിലെ ദശാശ്വമേധഘട്ടിൽ ഗംഗാ ആരതിയും കലാഭൈരവ് ക്ഷേത്രത്തിൽ ദർശനവും നടത്തിയശേഷമാണ് കേന്ദ്ര മന്ത്രിമാർക്കും എൻ.ഡി.എയുടെ പ്രമുഖ നേതാക്കൾക്കുമൊപ്പം മോദി കലക്ടറേറ്റിൽ പത്രിക സമർപ്പിക്കാൻ എത്തിയത്.

അയോധ്യ രാമക്ഷേത്രത്തിന് തറക്കല്ലിടലിനും പ്രാണപ്രതിഷ്ഠക്കും മുഹൂർത്തം നിശ്ചയിച്ച ഗണേശ്വർ ശാസ്ത്രി, ദീർഘകാലം ആർ.എസ്.എസ് ഭാരവാഹിയായ ബൈജ്നാഥ് പട്ടേൽ, ലാൽചന്ദ് കുശ്‍വഹ, സഞ്ജയ് സോങ്കാർ എന്നിവരാണ് നാമനിർദേശ പത്രികയിൽ പിന്തുണച്ച് ഒപ്പുവെച്ചത്. ഇവരോടൊപ്പം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കലക്ടറേറ്റിലെത്തിയിരുന്നു. പത്രിക നൽകിയശേഷം രുദ്രാക്ഷ കൺവെൻഷൻ സെന്ററിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും പങ്കെടുത്ത യോഗത്തിൽ മോദി സംസാരിച്ചു.

ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ഹർദീപ് സിങ് പുരി, അനുപ്രിയ പട്ടേൽ, രാംദാസ് അത്താവാല, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ, ടി.ഡി.പി പ്രസിഡന്റ് ചന്ദ്രബാബു നായിഡു, ജനസേന പർട്ടി പ്രസിഡന്റ് പവൻ കല്യാൺ, ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരി, തമിഴ് മാനില കോൺഗ്രസ് പ്രസിഡന്റ് ജി.കെ. വാസൻ തുടങ്ങിയവർ ഉൾപ്പെടെ എൻ.ഡി.എയുടെ നേതാക്കൾ പത്രിക നൽകാൻ മോദിക്കൊപ്പമെത്തിയിരുന്നു.

കാശിയുമായുള്ള തന്റെ ബന്ധം വേർപെടുത്താനാവാത്തതും വാക്കുകൾക്കതീതവുമാണെന്ന് പത്രിക സമർപ്പിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി സമൂഹമാധ്യമമായ ‘എക്സിൽ’ കുറിച്ചു. പത്രിക നൽകുന്നതിന് തലേദിവസം നരേന്ദ്ര മോദി വരാണസിയിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന റോഡ്ഷോയിലും പങ്കെടുത്തു.

ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്. യു.പി കോൺഗ്രസ് പ്രസിഡന്റ് അജയ് റായി ആണ് മോദിയുടെ പ്രധാന എതിരാളി. 2019ൽ 4.79 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചത്.

Tags:    
News Summary - PM Modi files nomination papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.