ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇന്ധന വിലവർധനവിനെയും ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെയും കുറിച്ച് മോദി ഒരക്ഷരം ഉരിയാടില്ലെന്ന് ഉവൈസി പറഞ്ഞു.
'പ്രധാനമന്ത്രി മോദി രണ്ട് കാര്യങ്ങളെ കുറിച്ച് മിണ്ടില്ല. പെട്രോൾ, ഡീസൽ വിലവർധനവിനെ കുറിച്ചും ലഡാക്കിൽ ചൈന ഇന്ത്യയുടെ സ്ഥലങ്ങൾ കൈയ്യേറിയതിനെ കുറിച്ചും. ചൈനക്കെതിരെ സംസാരിക്കാൻ മോദിക്ക് ഭയമാണ്. കശ്മീരിൽ നമ്മുടെ ഒമ്പത് സൈനികർ മരിച്ചു, ഒക്ടോബർ24ന് ഇന്ത്യ-പാകിസ്താൻ ട്വന്‍റി20 മത്സരം നടക്കും' -ഉവൈസി ഹൈദരാബാദിൽ പറഞ്ഞു.
ജമ്മു കശ്മീരിൽ ഒമ്പത് ജവാൻമാർക്ക് ജീവൻ നഷ്ടമായിട്ടും ഇന്ത്യ-പാകിസ്താൻ ട്വന്‍റി20 ലോകകപ്പ് മത്സരവുമായി മുന്നോട്ടുപോകുന്നതിനെയും ഉവൈസി വിമർശിച്ചു. ഒക്ടോബർ 24നാണ് മത്സരം. 'നമ്മുടെ സൈനികർ മരിച്ചു. നിങ്ങൾ ട്വന്‍റി20 കളിക്കുേമാ? ഇന്ത്യക്കാരുടെ ജീവൻ വെച്ച് പാകിസ്താൻ കശ്മീർ താഴ്വരയിൽ ട്വന്‍റി20 കളിക്കുകയാണ്' -ഉവൈസി പറഞ്ഞു.
കശ്മീരിൽ തദ്ദേശവാസികളല്ലാത്തവർക്ക് നേരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങൾ ബി.ജെ.പി സർക്കാറിന്‍റെ പരാജയമാണെന്നും ഉൈവസി കുറ്റപ്പെടുത്തി. 'ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ കൊലചെയ്യപ്പെടുകയാണ്. ഇന്‍റലിജൻസ് ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത് ഷായും എന്ത് ചെയ്ത് കൊണ്ടിരിക്കുകയാണ്? ഇത് കേന്ദ്രത്തിന്‍റെ പരാജയമാണ്' -ഉവൈസി കൂട്ടിച്ചേർത്തു.
ഞായറാഴ്ച പെട്രോൾ വില ലിറ്ററിന് 35 പൈസ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.84 രൂപയായിരുന്നു. 111.77 രൂപയാണ് ഡൽഹിയിലെ പെട്രോൾ വില. ലഡാക്കിലെ സംഘര്‍ഷത്തെ സംബന്ധിച്ച് ഇന്ത്യ-ചൈന കമാന്‍ഡര്‍മാര്‍ നടത്തിയ അവസാന വട്ട ചര്‍ച്ചയും അടുത്തിടെ പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.