ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ സൂക്ഷിക്കണമെന്ന് പതിവ് റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാതി’ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഡിജിറ്റൽ അറസ്റ്റുകൾ’ എന്ന സൈബർ കുറ്റകൃത്യം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങളുമായി ചേർന്ന് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ഈ കുറ്റകൃത്യത്തിൽനിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ജനങ്ങളിൽ അവബോധം അനിവാര്യമാണെന്നും മോദി പറഞ്ഞു.
ഇത്തരം കുറ്റവാളികൾ തങ്ങളുടെ ഇരകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം ആളുകളുടെ ഭയം കൊള്ളയടിക്കാൻ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരായി വേഷമിടുന്നത് എങ്ങനെയെന്ന് കാണിക്കാൻ മോദി പ്രതീകാത്മക വിഡിയോയും പ്ലേ ചെയ്തു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ സൂക്ഷിക്കുക. ഒരു അന്വേഷണ ഏജൻസിയും അത്തരമൊരു അന്വേഷണത്തിനായി നിങ്ങളെ ഫോണിലൂടെയോ വിഡിയോ കോളിലൂടെയോ ബന്ധപ്പെടില്ല. ദേശീയ സൈബർ ഹെൽപ് ലൈനുമായി ബന്ധപ്പെടാനോ അതിന്റെ പോർട്ടലുമായി ബന്ധപ്പെടാനോ 1930 എന്ന നമ്പറിൽ ഡയൽ ചെയ്യാനും അത്തരം കുറ്റകൃത്യത്തെക്കുറിച്ച് പൊലീസിനെ അറിയിക്കാനും മോദി ജനങ്ങളോട് ആവശ്യപ്പെട്ടു. അത്തരം സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും സ്ക്രീൻഷോട്ടുകൾ എടുക്കുകയും വേണം.
അനിമേഷൻ ലോകത്ത് ഇന്ത്യൻ പ്രതിഭകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്വാധീനത്തെ മോദി പ്രശംസിച്ചു. സൃഷ്ടിപരമായ ഊർജത്തിന്റെ ഒരു തരംഗം ഇന്ത്യയെ തൂത്തുവാരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘മെയ്ഡ് ഇൻ ഇന്ത്യ’, ‘മെയ്ഡ് ബൈ ഇന്ത്യ’ എന്നിവ അനിമേഷൻ ലോകത്ത് തിളങ്ങിനിൽക്കുകയാണ്. ഛോട്ടാ ഭീം, കൃഷ്ണ, മോട്ടു പട്‌ലു തുടങ്ങിയ ഇന്ത്യൻ അനിമേഷൻ കഥാപാത്രങ്ങൾ വ്യാപകമായി പ്രചാരം നേടിയതായി മോദി പറഞ്ഞു. ഇന്ത്യൻ ഉള്ളടക്കവും സർഗാത്മകതയും ലോകമെമ്പാടും ഇഷ്ടപ്പെടുന്നു. അനിമേഷനിൽ വിപ്ലവം സൃഷ്ടിക്കാനുള്ള പാതയിലാണ് ഇന്ത്യ. ഇന്ത്യൻ ഗെയിമുകളും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. ‘ആത്മനിർഭർ ഭാരതി’നുള്ള ശ്രമങ്ങൾ എല്ലാ മേഖലകളിലും കുതിച്ചുയരുകയാണ്. രാജ്യം ഇപ്പോൾ 85 ലധികം രാജ്യങ്ങളിലേക്ക് പ്രതിരോധ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്നും മോദി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.