അഅ്സംഗഢ് (യു.പി): ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പി പിടിക്കാൻ വൻകിട പദ്ധതിയുമായി ബി.ജെ.പി. 23,000 കോടി ചെലവഴിച്ച് 340 കി.മീ ദൂരത്തിൽ നിർമിക്കുന്ന പുർവാഞ്ചൽ എക്സ്പ്രസ്വേക്ക് ശിലയിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തിറങ്ങിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പി തൂത്തുവാരിയെങ്കിലും അഅ്സംഗഢ് മണ്ഡലം നഷ്ടപ്പെട്ടിരുന്നു.
എസ്.പി നേതാവ് മുലായംസിങ് യാദവ് വിജയിച്ച അഅ്സംഗഢിൽ തന്നെ ശിലയിടൽ ചടങ്ങ് സംഘടിപ്പിച്ച് എതിർചേരിയെ ഞെട്ടിക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം, യു.പിയിലെ മുൻ സർക്കാർ തുടങ്ങിയ പദ്ധതിയുടെ തനിയാവർത്തനമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് സമാജ്വാദി പാർട്ടി ആരോപിച്ചു.
യു.പിയുടെ വികസന മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്ന പദ്ധതിയാണിതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിന് മുൻകൈയെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അളവറ്റ് പ്രശംസിച്ചു.
ആറുവരിപ്പാതയിൽ നിർമാണം ആരംഭിക്കുന്ന എക്സ്പ്രസ്വേ ഭാവിയിൽ എട്ടു വരിയാക്കാനാകും. പിന്നാക്ക ജില്ലകളായ അഅ്സംഗഢ്, മാവു, ഗാസിപുർ, ഫൈസാബാദ്, സുൽത്താൻപുർ, അംബേദ്കർ നഗർ, അമേഠി എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.