ലെത്പോറ/ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് രാജ്യത്തിന്റെ ആദരം. മൂന്നു വർഷം മുമ്പ് ജമ്മു-കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 40 ജവാന്മാരുടെ ഓർമ പുതുക്കി സി.ആർ.പി.എഫ് അനുസ്മരണ ചടങ്ങ് നടത്തി.
ശ്രീനഗറിൽനിന്ന് 25 കിലോമീറ്റർ അകലെ പുൽവാമയിലെ സ്മാരകത്തിൽ സി.ആർ.പി.എഫ് അഡീഷനൽ ഡയറക്ടർ ജനറൽ ഡി.എസ്. ചൗധരി പുഷ്പചക്രം അർപ്പിച്ചു. 40 സഹപ്രവർത്തകരുടെ വിയോഗം തങ്ങളുടെ മനോവീര്യം തകർത്തിട്ടില്ലെന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ശക്തവും സമൃദ്ധിയുമുള്ള രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ എല്ലാ ഇന്ത്യക്കാരെയും പ്രേരിപ്പിക്കുന്നതാണ് ജവാന്മാരുടെ ധീരതയും ജീവത്യാഗവുമെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.
പാകിസ്താൻ പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി പാക് പ്രദേശമായ ബാലാകോട്ടിലെ ഭീകരക്യാമ്പുകൾക്കുനേരെ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. പുൽവാമയിലെ രക്തസാക്ഷികളുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.