മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും തമ്മില്‍ ദൃഢമായ ബന്ധമാണുള്ളതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വേറെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മോദിയും ഉദ്ധവും കൂടിക്കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് സേനാ നേതാവിന്റെ വിശദീകരണം.
ജൂണ്‍ എട്ടിനായിരുന്നു മോദിയും ഉദ്ധവും കൂടിക്കാഴ്ച നടത്തിയത്. പഴയ സഖ്യകക്ഷികള്‍ തമ്മിലെ മഞ്ഞുരുക്കത്തിന്റെ സൂചനയാണോ കൂടിക്കാഴ്ചയെന്ന് സംശയങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, മറാത്താ സംവരണം സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടല്‍ ഉറപ്പാക്കാനാണ് മോദിയെ കണ്ടതെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു.
'മോദിയും ഉദ്ധവും 40 മിനിറ്റോളം സംസാരിച്ചു. ഇത് ബി.ജെ.പിയും ശിവസേനയും കൈകോര്‍ക്കുന്നുവെന്ന തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. ഞങ്ങളുടെ വഴി വ്യത്യസ്തമാണ്. ബി.ജെ.പി മഹാരാഷ്ട്രയില്‍ പ്രതിപക്ഷമാണ്, ഞങ്ങള്‍ അധികാരത്തിലാണ്. എന്നാല്‍, വ്യക്തിപരമായി നേതാക്കള്‍ തമ്മില്‍ നല്ല ബന്ധമാണ്. താക്കറെ കുടുംബവുമായി മോദിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണുള്ളത്. രാഷ്ട്രീയം വേറെയാണെങ്കിലും ബന്ധം ശക്തമാണ്' -സഞ്ജയ് റാവുത്ത് പറഞ്ഞു.
മഹാരാഷ്ട്രയില്‍ സഖ്യകക്ഷികളായിരുന്ന ശിവസേനയും ബി.ജെ.പിയും 2019ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി പദം പങ്കിടല്‍ ഉള്‍പ്പെടെ വിഷയത്തില്‍ ധാരണയെത്താതെയാണ് പിരിഞ്ഞത്. തുടര്‍ന്ന് ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം അധികാരത്തിലേറുകയായിരുന്നു. എന്നാല്‍, അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ശിവസേനയും ബി.ജെ.പിയും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങളാണ് മോദി-ഉദ്ധവ് കൂടിക്കാഴ്ചക്ക് പിന്നാലെ വന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നാന പടോളിയുടെ വാക്കുകളും ഇതിനൊപ്പം ചേര്‍ത്തുവായിക്കപ്പെട്ടിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പിന് ഇനിയും മൂന്ന് വര്‍ഷം ശേഷിക്കുകയാണെന്നും ആരാണ് ഒറ്റക്ക് മത്സരിക്കുകയെന്ന് അന്ന് കാണാമെന്നുമാണ് സേനാ നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.