ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റുചെയ്യുന്നതിൽ നടപടിക്രമം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര സർക്കാറിനും സംസ്ഥാന പൊലീസിനും ദേശീയ മനുഷ്യാവകാശ കമീഷെൻറ നോട്ടീസ്. അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികൾ മനുഷ്യാവകാശ ലംഘനമാണ്. നാലാഴ്ചക്കകം ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വസ്തുതാ റിപ്പോർട്ട് കമീഷന് സമർപ്പിക്കണം.
മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗൗതം നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് ഡൽഹി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. കുറ്റം എന്താണെന്ന് തൃപ്തികരമായി വിശദീകരിക്കാൻ പൊലീസിന് കഴിയാതെവന്നതോടെയാണിത്.
പ്രാദേശിക സാക്ഷി ഇല്ലാതെയാണ് ഗൗതം നവ്ലഖയുടെ ട്രാൻസിറ്റ് റിമാൻഡ് ഡൽഹി കോടതിയിൽനിന്ന് പുണെ െപാലീസ് സമ്പാദിച്ചതെന്ന് പറയുന്നുണ്ട്. പൊലീസ് രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. സുധ ഭരദ്വാജിെൻറ ട്രാൻസിറ്റ് റിമാൻഡും ഫരീദാബാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിെൻറ തീരുമാനത്തിന് വിധേയമാണ്. എഫ്.െഎ.ആറിൽ പേരുപോലുമില്ലെന്ന് സുധ ഭരദ്വാജ് ചൂണ്ടിക്കാട്ടുന്നു.
റോണ വിൽസൺ അടക്കം അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ നിയമവിരുദ്ധമായി അറസ്റ്റ്ചെയ്തുവെന്ന് ജനീവയിലെ ഒരു സന്നദ്ധ സംഘടന കമീഷന് പരാതി അയച്ചിരുന്നുവെന്ന് കമീഷൻ വിശദീകരിച്ചു. ജൂണിൽ മഹാരാഷ്ട്ര പൊലീസിന് അയച്ച നോട്ടീസിൽ ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും കമീഷൻ ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.