റായ്പൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോവാദികൾ കൊല്ലപ്പെട്ടതായി പൊലീസ്. ബീജാപൂർ ജില്ലയിലെ ചികുർഭട്ടി - പുഷ്ഭക വനമേഖലയിൽ തൽപെരു നദിക്കരയ്ക്ക് സമീപം നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരുടെ മൃതദേഹം കണ്ടെടുത്തതായി ഐ.ജി ബസ്തർ പി സുന്ദർരാജ് പറഞ്ഞു.
ജില്ലാ റിസർവ് ഗാർഡ്, സി.ആർ.പി.എഫ്, കോബ്ര കമാൻഡോ എന്നിവ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മാവോവാദികളെ കൊലപ്പെടുത്തിയത്. പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ പ്ലാറ്റൂൺ-10 ന്റെ സാന്നിധ്യം സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്.
മൃതദേഹങ്ങളും ആയുധങ്ങളും സ്‌ഫോടക ശേഖരവും നിത്യോപയോഗ സാധനങ്ങളും കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട മാവോവാദികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം, ഈ മാസം 23ന് മാവോയിസ്റ്റ് ശക്തി കേന്ദ്രമായ ദന്തേവാഡയിൽ സ്‌ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് പരിക്കേറ്റതായി ജില്ലാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.