യുനൈറ്റഡ് നേഷൻസ്: ഖാലിസ്താൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയെ തുടർന്നുള്ള നയതന്ത്ര പോരിനു പിന്നാലെ, കാനഡക്കെതിരെ വിമർശനങ്ങളുമായി ഇന്ത്യ. യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പരോക്ഷ വിമർശനം നടത്തിയത്.
ഭീകരത, തീവ്രവാദം, അക്രമം തുടങ്ങിയ കാര്യങ്ങളിലുള്ള അംഗരാജ്യങ്ങളുടെ പ്രതികരണം രാഷ്ട്രീയ സൗകര്യം നോക്കിയാകരുതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. മറ്റു രാജ്യങ്ങളുടെ അതിർത്തി മാനിക്കൽ, അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ തുടങ്ങിയ നയങ്ങൾ തരംപോലെയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ത്യക്ക് തുറന്ന സമീപനമാണ്. പ്രസക്തവും വ്യക്തവുമായ വിവരങ്ങളുണ്ടെങ്കിൽ കൈമാറാൻ കാനഡയോട് ആവശ്യപ്പെട്ടിരുന്നു. സംഘടിത കുറ്റകൃത്യങ്ങളും തീവ്രവാദവും കാനഡയിൽ വർഷങ്ങളായുണ്ടെന്നും എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
കാനഡ-ഇന്ത്യ തർക്കത്തിൽ, അമേരിക്ക കാനഡ അനുകൂല നിലപാടെടുത്ത സാഹചര്യം കൂടി പരിഗണിച്ചായിരുന്നു ജയ്ശങ്കറിന്റെ പരാമർശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.