ന്യൂഡൽഹി: മലയാളിയായ ഉത്തരഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച രണ്ടാമത്തെ ശിപാർശയോട് ധിക്കാരപൂർവമായ നടപടിയുമായി കേന്ദ്രസർക്കാർ. ജസ്റ്റിസ് ജോസഫിെൻറ കാര്യത്തിൽ തീരുമാനമെടുക്കാതെ അതിനോടൊപ്പം ആദ്യമായി ശിപാർശ ചെയ്ത മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജി, ഒഡിഷ ഹൈകോടതി ചീഫ് ജസ്റ്റിസ് വിനീത് സരൺ എന്നിവരുടെ നിയമനം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
കൊളീജിയം ശിപാർശ ചെയ്ത് സർക്കാർ ഒരിക്കൽ തിരിച്ചയക്കുകയും വീണ്ടും അതേ പേര് കൊളീജിയം ആവർത്തിക്കുകയും ചെയ്താൽ സർക്കാർ നിർബന്ധമായും നിയമിക്കണം എന്ന ചട്ടം ധിക്കരിക്കുന്നതാണ് കേന്ദ്രനടപടി. ഉത്തരഖണ്ഡിൽ കോൺഗ്രസ് സർക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേർപ്പെടുത്തിയ മോദി സർക്കാറിെൻറ നടപടി റദ്ദാക്കിയതോടെയാണ് ജസ്റ്റിസ് ജോസഫ് ബി.ജെ.പിയുടെ കണ്ണിലെ കരടായത്. കഴിഞ്ഞ ജനുവരി 10നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരയ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോകുര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ആദ്യമായി ശിപാര്‍ശ ചെയ്തത്. ഇൗ ശിപാർശ ഏറെ വെച്ചുതാമസിപ്പിക്കുന്നതിൽ വ്യാപകമായ പരാതിയുയർന്നപ്പോൾ ഇന്ദു മൽഹോത്രയെ മാത്രം അംഗീകരിച്ച് കേന്ദ്രസർക്കാർ ജസ്റ്റിസ് ജോസഫിനെ തള്ളി.
ഒരു മലയാളിയെ കൂടി സുപ്രീംകോടതി ജഡ്ജിയാക്കിയാൽ പ്രാദേശിക പ്രാതിനിധ്യത്തിെൻറ സന്തുലനമില്ലാതാകും എന്നതടക്കമുള്ള വാദങ്ങളുന്നയിച്ചാണ് ജസ്റ്റിസ് ജോസഫിനെ ജഡ്ജിയാക്കുന്നത് പുനഃപരിേശാധിക്കണമെന്ന് കൊളീജിയത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ജഡ്ജിമാരുടെ അഖിലേന്ത്യ സീനിയോറിറ്റി ലിസ്റ്റിൽ 42ാം സ്ഥാനത്തുള്ള ജസ്റ്റിസ് കെ.എം. ജോസഫ് ചീഫ് ജസ്റ്റിസുമാരുടെ സീനിയോറിറ്റിയിൽ 11ാം സ്ഥാനത്താണെന്നും മറ്റു പല ഹൈകോടതികളിലും ജസ്റ്റിസ് ജോസഫിന് മുകളിലുള്ളവരുണ്ടെന്നുമുള്ള തടസ്സവാദവും കേന്ദ്രം നിരത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.