ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ (പി.ടി.ഐ) വാർത്തകൾ ഇനി തങ്ങൾക്ക് വേണ്ടെന്ന് കേന്ദ്ര സർക്കാർ ഏജൻസിയായ പ്രസാർ ഭാരതി. സബ്സ്ക്രിപ്ഷൻ അവസാനിപ്പിച്ച് പ്രസാർ ഭാരതി പി.ടി.ഐക്ക് കത്തു നൽകി. പി.ടി.ഐ ദേശവിരുദ്ധ നിലപാടെടുക്കുന്നതായി കാണിച്ച് പ്രസാർ ഭാരതി നേരത്തെ കത്തു നൽകിയിരുന്നു. പി.ടി.ഐയുടെ സ്വതന്ത്ര നിലപാടുകളാവാം കേന്ദ്ര സർക്കാറിനെയും പ്രസാർ ഭാരതിയെയും ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ വാർത്താ ഏജൻസികളിൽ നിന്നും പുതിയ പ്രൊപോസൽ ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പി.ടി.ഐക്ക് വേണമെങ്കിൽ പങ്കെടുക്കാമെന്നും പ്രസാർ ഭാരതി വാർത്താ വിഭാഗം മേധാവി സമീർ കുമാർ അയച്ച കത്തിൽ പറയുന്നു.
പി.ടി.ഐയുടെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് പ്രസാർ ഭാരതി. വർഷം 6.85 കോടി രൂപ പ്രസാർ ഭാരതിയിൽ നിന്ന് പ്രതിഫലമായി പി.ടി.ഐക്ക് ലഭിക്കുന്നുണ്ട്.
പി.ടി.ഐ ദേശവിരുദ്ധ വാർത്തകൾ നൽകുന്നതായി കഴിഞ്ഞ ജൂണിൽ പ്രസാർ ഭാരതിയുടെ ഉന്നത ഉദ്യോഗസ്ഥൻ കുറ്റപ്പെടുത്തിയിരുന്നു. ലഡാക്ക് ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിലായിരുന്നു ഈ വിമർശനം. ദേശീയ താൽപ്പര്യത്തിന് വിരുദ്ധവും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ദുർബലപ്പെടുത്തുന്നതുമായ വാർത്തകൾ നൽകുന്നുവെന്ന് കാണിച്ച് പ്രസാർ ഭാരതി പി.ടി.ഐക്ക് കത്തു നൽകുകയും ചെയ്തു.
ഗൽവാനിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ചൈനീസ് അംബാസിഡറുമായും ചൈനയിലെ ഇന്ത്യൻ അംബാസിഡറുമായും പി.ടി.ഐ അഭിമുഖം നടത്തിയത് സർക്കാറിനെ ചൊടിപ്പിച്ചിരുന്നു. പി.ടി.ഐയുടെ റിപ്പോർട്ടിങ് ദേശവിരുദ്ധമാണെന്നും മുന്നോട്ടുപോകാനാകില്ലെന്നും അന്ന് പ്രസാർ ഭാരതി അധികൃതർ പറഞ്ഞിരുന്നു.
ചൈനീസ് അംബാസിഡറുടെ അഭിമുഖം നൽകിയതിൽ അതൃപ്തിയുള്ളതിനൊപ്പം ചൈനയിലെ ഇന്ത്യൻ സ്ഥാനപതിയുടെ പ്രസ്താവന ഗൽവാൻ ഏറ്റുമുട്ടലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയുമായി ഒത്തുപോകാത്തതും കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഒരുതരി മണ്ണിൽ പോലും ചൈന കടന്നുകയറിയിട്ടില്ലെന്നായിരുന്നു മോദിയുടെ പ്രസ്താവന.
രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയെന്ന നിലക്ക് സ്വതന്ത്ര നിലപാടുകളുമായി മുന്നോട്ട് പോകുന്ന പി.ടി.ഐക്ക് ഏറെ പ്രാധാന്യമുണ്ട്. നൂറുകണക്കിന് പത്രങ്ങൾക്കും ന്യൂസ് ചാനലുകൾക്കും പി.ടി.ഐ വാർത്ത നൽകുന്നുണ്ട്. 2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ സംഘ്പരിവാർ നേതൃത്വത്തിന് പി.ടി.ഐയുമായുള്ള നീരസം ആരംഭിച്ചിരുന്നു.
മോദി സർക്കാറിനോട് മൃദുസമീപനം കാണിക്കുന്ന സ്വകാര്യ വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് നിലവിൽ കേന്ദ്രം കൂടുതൽ താൽപര്യം കാട്ടുന്നത്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട പല വിവരങ്ങളും എ.എൻ.ഐയിലൂടെ പുറത്തുവരുന്ന സാഹചര്യമാണ്. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങൾ പോലും ദൂരദർശനേക്കാൾ ആദ്യം പുറത്തുവിടുന്നതും എ.എൻ.ഐയാണ്. എ.എൻ.ഐയുടെ സംഘ്പരിവാർ ചായ് വിനെ കുറിച്ച് പലപ്പോഴായി വിമർശനവും ഉയർന്നുതുടങ്ങിയിട്ടുണ്ട്.
നേരത്തെ, സർക്കാർ നാമനിർദേശം ചെയ്തയാളെ പി.ടി.ഐയുടെ എഡിറ്ററായി നിയമിക്കാൻ നീക്കം നടന്നിരുന്നെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു.
പി.ടി.ഐ കൂടാതെ താരതമ്യേന ചെറിയ വാർത്താ ഏജൻസിയായ യു.എൻ.ഐയുടെ (യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ) സബ്സ്ക്രിപ്ഷനും അവസാനിപ്പിക്കാൻ പ്രസാർ ഭാരതി തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.