രാജ്യത്തെ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്നും കോടതികളിൽ നീതി തേടി പോകുന്നവർ ഖേദിക്കേണ്ടിവരുമെന്നുമുള്ള മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയുടെ പരാമർശത്തെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. ജുഡീഷ്യറിയെ ഇപ്പോഴത്തെ പതനത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗൊഗോയ് ആണെന്ന് പ്രശാന്ത് ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. സ്വന്തം പീഡന കേസിൽ വാദം കേട്ട ആളാണ് ഗൊഗോയ്. റഫാൽ, അയോധ്യ കേസുകളിൽ സംശയാസ്പദമായ വിധികളും പുറപ്പെടുവിച്ചു. അസമിൽ വ്യാജ എൻ.ആർ.സി പ്രക്രിയക്ക് തുടക്കമിടാൻ കാരണമായതും ഗൊഗോയി ആണ്. എന്നിട്ട് അദ്ദേഹം തന്നെ ജുഡീഷ്യറി ജീർണിച്ചെന്ന് പറയുന്നത് ദയനീയമാണെന്നും പ്രശാന്ത് ഭൂഷൻ കുറിച്ചു.
'ജുഡീഷ്യറിയെ ഇപ്പോഴത്തെ പതനത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗൊഗോയ് ആണ്. സ്വന്തം പീഡന കേസിൽ വാദം കേട്ട ആളാണ് അദ്ദേഹം. റഫാൽ, അയോധ്യ കേസുകളിൽ സംശയാസ്പദമായ വിധികളും പുറപ്പെടുവിച്ചു. അസമിൽ വ്യാജ എൻ.ആർ.സി പ്രക്രിയക്ക് തുടക്കമിടാൻ കാരണമായയി. എന്നിട്ട് അദ്ദേഹം തന്നെ ജുഡീഷ്യറി ജീർണിച്ചെന്ന് പറയുന്നത് ദയനീയമാണ്'-പ്രശാന്ത് ഭൂഷൻ കുറിച്ചു. രാജ്യസഭാംഗം കൂടിയായ ഗൊഗോയ് ഇന്ത്യാടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ജുഡീഷ്യറിയെ തരംതാഴ്ത്തി പറഞ്ഞത്. കോവിഡ് മൂലം സർവ മേഖലയിലും തകർച്ച നേരിട്ടപ്പോഴും കേസുകളുടെ വർധനകൊണ്ട് ജുഡീഷ്യറി 'കുതിച്ചുകയറി'യതായും അദ്ദേഹം പരിഹസിച്ചിരുന്നു. ദേശീയ ജുഡീഷ്യൽ അക്കാദമിയിൽ കടലിെൻറയും സമുദ്രത്തിെൻറയും നിയമങ്ങൾ പഠിപ്പിക്കുമെങ്കിലും കോടതി നടപടിക്രമമോ, എങ്ങനെ ഒരു വിധിന്യായം എഴുതാമെന്നോ പഠിപ്പിക്കുന്നില്ല. മികച്ച സമ്പദ്വ്യവസ്ഥ വേണമെന്നുണ്ടെങ്കിൽ വ്യവസായിക തർക്കങ്ങൾ പരിഹരിക്കാൻ കെൽപുള്ള സംവിധാനം വേണം, ശക്തമായ ഒരു വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ നിക്ഷേപകർ മുന്നോട്ടുവരൂ.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണം. തനിക്കെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് ലോക്സഭയില്‍ പ്രസംഗിച്ച മെഹുവ മൊയ്ത്രക്കെതിരെ നിയമനടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കോടതിയെ സമീപിച്ചാൽ അവിടെ വിഴുപ്പലക്കാമെന്നല്ലാതെ വിധി ലഭിക്കില്ല എന്നു പറഞ്ഞ ഗൊഗോയ് 'രാഷ്ട്രീയക്കാരി' പറഞ്ഞ കാര്യങ്ങള്‍ ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അയോധ്യ, റഫാൽ കേസുകളിൽ സർക്കാറിന് അനുകൂലമായ വിധി നൽകിയതിന് പാരിതോഷികമായി ലഭിച്ചതാണ് രാജ്യസഭ സീറ്റ് എന്ന ആരോപണം നിഷേധിച്ച അദ്ദേഹം വിലപേശാനാണെങ്കിൽ ഇതിലേറെ നല്ല പദവികൾ വാങ്ങാമായിരുന്നുവെന്നും ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനാണ് രാജ്യസഭയിലെത്തിയതെന്നും പറഞ്ഞു.
രാജ്യസഭാംഗമെന്ന നിലയിൽ ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന് എഴുതി നൽകിയിരുന്നെന്നും മാധ്യമങ്ങൾ ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വപ്പട്ടിക ഭാവിയിലേക്കുള്ള രേഖയാണ്. അത് വിലയിരുത്തി നടപ്പാക്കണം. കോടതിക്ക് ചെയ്യാനാവുന്നതെല്ലാം ചെയ്തു. പക്ഷേ, രാഷ്ട്രീയ പാർട്ടികൾ അതുവെച്ച് കളിക്കുകയാണെന്നും എൻ.ആർ.സി നടപ്പാക്കുന്നതിന് ഇച്ഛാശക്തി പ്രകടിപ്പിക്കുന്നില്ലെന്നും ഗൊഗോയ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.