ന്യൂഡൽഹി: യു.പി, പഞ്ചാബ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു ചർച്ച നടത്തിയത്. മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് എന്നിവരും ചർച്ചയിൽ പങ്കാളിയായി.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും പഞ്ചാബിലെ കോൺഗ്രസിൽ നിലനിൽക്കുന്ന ഗ്രൂപ്പ് വഴക്കിന് പരിഹാരം കാണലുമാണ് ലക്ഷ്യമെന്ന് പറയപ്പെടുന്നു.കഴിഞ്ഞയാഴ്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഡൽഹിയിലെ വസതിയായ കപൂർത്തല ഹൗസിൽ പ്രശാന്ത് കിഷോർ സന്ദർശിച്ചിരുന്നു.
പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും നവ്‌ജ്യോത് സിങ് സിദ്ധുവും തമ്മിൽ അത്ര രസത്തിലല്ല. ഇവർക്കിടയിലുള്ള പ്രശ്‌നം കോൺഗ്രസിന് തലവേദനയായി മാറിയിട്ടുണ്ട്. രാഹുൽഗാന്ധി-പ്രശാന്ത് കിഷോർ ചർച്ചയിൽ ഇത് പ്രധാന വിഷയമായതായാണ് സൂചന.
യു.പി ഇലക്ഷന്റെ മുന്നോടിയായി രണ്ട് ആഴ്ച മുമ്പ് എൻ.സി.പി നേതാവ് ശരത് പവാറുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയിരുന്നു. അടച്ചിട്ട മുറിയിൽ ഏകദേശം രണ്ടര മണിക്കൂറോളം ചർച്ച നീണ്ടിരുന്നു. ഇതിന് മുമ്പും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷം എന്നതാണ് ശരത് പവാറിന്‍റെ ലക്ഷ്യം. എന്നാൽ, കോൺഗ്രസിനെ ഒഴിവാക്കിയാണ് പവാർ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.