ന്യൂഡൽഹി: വരുന്ന പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പി പ്രഖ്യാപിത ലക്ഷ്യമായ 370 നേടില്ലെങ്കിലും മുന്നൂറിലേറെ സീറ്റ് സ്വന്തമാക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ശക്തികേന്ദ്രമായ വടക്കെ ഇന്ത്യക്ക് പുറമെ തെന്നിന്ത്യയിലും കിഴക്കൻ മേഖലയിലും അവർ നേട്ടമുണ്ടാക്കുമെന്നും വാർത്ത ഏജൻസിയായ പി.ടി.ഐയുടെ പത്രാധിപസമിതിയുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മോദിയോ ബി.ജെ.പിയോ അജയ്യരല്ല, എന്നാൽ അലസതയും തെറ്റായ തന്ത്രങ്ങളും വഴി പ്രതിപക്ഷം അവസരങ്ങൾ നഷ്ടപ്പെടുത്തി. യു.പിയിലും ബിഹാറിലുമുൾപ്പെടെ വടക്കേ ഇന്ത്യയിൽ കാര്യമായ നേട്ടമുണ്ടാക്കാതെ കേവലം കേരളത്തിൽ ജയിച്ചതുകൊണ്ട് കോൺഗ്രസിന് അധികാരം പിടിക്കാനാവില്ല.
ദുർബലമായിരുന്ന തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിരന്തര സന്ദർശനം നടത്തി മോദിയും അമിത് ഷായും അവിടെ വ്യക്തമായ സാന്നിധ്യമറിയിച്ചു. യഥാർഥ തെരഞ്ഞെടുപ്പ് നടക്കുന്നത് യു.പിയിലാണെന്നിരിക്കെ മണിപ്പൂരിലും മേഘാലയയിലും പര്യടനം നടത്തിയതുകൊണ്ട് പ്രയോജനമില്ലെന്ന് രാഹുലിന്റെ യാത്രകളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
ബംഗാളിലും ഒഡിഷയിലും ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തുമെന്നും തെലങ്കാനയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് നേടുമെന്നും പറഞ്ഞ പ്രശാന്ത് കിഷോർ, തമിഴ്നാട്ടിൽ അവരുടെ വോട്ടുവിഹിതം രണ്ടക്കം കടക്കുമെന്നും പ്രവചിക്കുന്നു. മൂന്നാം വട്ടവും ബി.ജെ.പി അധികാരമേറിയാൽ രാജ്യം ദീർഘകാലം ആ പാർട്ടിയുടെ നിയന്ത്രണത്തിലാകുമെന്ന ചിന്തയും നിരർഥകമാണ്. കോൺഗ്രസിന്റെ പ്രഭാവം മങ്ങിത്തുടങ്ങിയത് 1984ലെ വമ്പൻ വിജയത്തിന് ശേഷമായിരുന്നു.
നരേന്ദ്ര മോദിയുടെ ജനസമ്മതി കാര്യമായി ഇടിഞ്ഞ നിരവധി സന്ദർഭങ്ങളുണ്ടായിരുന്നു, കോവിഡിനുശേഷം ജനം ഏറെ അമർഷത്തിലായിരുന്നു. ആ സാഹചര്യം ഉപയോഗപ്പെടുത്തി വെല്ലുവിളി സൃഷ്ടിക്കുന്നതിന് പകരം കോൺഗ്രസ് നേതാക്കൾ വെറുതെ വീട്ടിലിരുന്നു. മോദിയാകട്ടെ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
രാഹുലും അഖിലേഷും തേജസ്വിയുമെല്ലാം സ്വന്തം അനുയായികൾക്ക് സ്വീകാര്യരായ നേതാക്കളാണെങ്കിലും സാമാന്യജനത്തിന്റെ അംഗീകാരം നേടാൻ അവർക്കായിട്ടില്ല. പാർട്ടിക്ക് പ്രതീക്ഷിച്ച ഫലം നേടാനായില്ലെങ്കിൽ നേതൃസ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണം. അല്ലാത്തപക്ഷം അത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.