ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 2019ലേറ്റ പരാജയത്തിൽനിന്ന് കോൺഗ്രസിന്റെ തിരിച്ചുവരവ് പ്രവചിച്ച് ഈദിന പ്രീപോൾ സർവേ ഫലം. സംസ്ഥാനത്തെ 28 സീറ്റിൽ 17 എണ്ണം കോൺഗ്രസ് നേടുമെന്ന് കന്നട ഓൺലൈൻ മാധ്യമമായ ‘ഈദിന’ പ്രവചിക്കുന്നു. 11 സീറ്റിൽ എൻ.ഡി.എ സഖ്യത്തിനുമാണ് വിജയസാധ്യത കൽപിക്കുന്നത്. ഏഴു ലോക്സഭ മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പം പോരാട്ടം പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയം എക്സിറ്റ് പോളിൽ കൃത്യമായി പ്രവചിച്ച മാധ്യമ പോർട്ടലാണ് ഈദിന ഡോട്ട് കോം. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്പ് പുറത്തുവിട്ട പോൾ സർവേയിൽ, കോൺഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി-എസ് - 19 എന്നിങ്ങനെയായിരുന്നു ഫലസൂചന. അപ്രകാരമായിരുന്നു ഫലവും.
2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 31.88 ശതമാനം വോട്ടുവിഹിതമാണ് കോൺഗ്രസിനുണ്ടായിരുന്നത്. ഇത്തവണ 12 ശതമാനത്തോളം വർധിച്ച് 43.77 ശതമാനം വോട്ട് കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവേ സൂചന. 1996നുശേഷം ബി.ജെ.പിക്ക് കർണാടകയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വോട്ടുശതമാനം ഈ ലോക്സഭ തെരഞ്ഞെടുപ്പിലായിരിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പ് കഴിഞ്ഞ ഫെബ്രുവരി 15 മുതൽ മാർച്ച് അഞ്ചുവരെ 52,678 സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈദിനയുടെ സർവേ. മൂന്നാംവട്ടവും മോദി പ്രധാനമന്ത്രിയാവുമെന്ന് 45.19 ശതമാനം പേരും പ്രവചിച്ചപ്പോൾ അതിൽ 33.06 ശതമാനം പേർക്കു മാത്രമാണ് മോദിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന അഭിപ്രായമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.