ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഇന്ന് വൈകീട്ടോടെ തിരശ്ശീല വീഴും. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. വൈകീട്ട് 6.30 നു ശേഷം ഈ സംസ്ഥാനങ്ങളെ ആരാണ് നയിക്കുക എന്നത് സംബന്ധിച്ച അഭിപ്രായ സർവേഫലങ്ങളും പുറത്തുവരും. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കു ശേഷമേ അഭിപ്രായ സർവേ ഫലം പുറത്തുവിടാവൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്‍കർഷിച്ചിട്ടുണ്ട്.
രാജസ്ഥാനിൽ കോൺഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നാണ് അശോക് ഗെഹ്ലോട്ട് ഉറച്ചുവിശ്വസിക്കുന്നത്. കാരണം സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഭീഷണിയുടെയും രോഷത്തിന്റെയും ഭാഷയിലാണ് മോദിയും കൂട്ടരും രാജസ്ഥാനിൽ പ്രചാരണം നടത്തിയതെന്നും ഇത് കോൺഗ്രസിന് അനുകൂലമാകുമെന്നുമാണ് ഗെഹ്ലോട്ടിന്റെ വിലയിരുത്തൽ.
അതിനിടെ, അഭിപ്രായ സർവേഫലങ്ങളെ പൂർണമായി മുഖവിലക്കെടുക്കാനും പറ്റില്ല. 2018ൽ മധ്യപ്രദേശിൽ ബി.ജെ.പി വിജയിക്കുമെന്നായിരുന്നു സർവേ ഫലം. എന്നാൽ ഫലം വന്നപ്പോൾ കോൺഗ്രസിനായിരുന്നു വിജയം. അതുപോലെ രാജസ്ഥാനിൽ കോൺഗ്രസും തെലങ്കാനയിൽ ബി.ആർ.എസ് ഭരിക്കുമെന്നും പ്രവചനമുണ്ടായി. അതു രണ്ടും യാഥാർഥ്യമായി. ഛത്തീസ്ഗഢിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നും മിസോറമിൽ കോൺഗ്രസും എം.എൽ.എഫും തമ്മിൽ കടുത്ത മത്സരമായിരിക്കുമെന്നും പ്രവചനമുണ്ടായി. അതുപോലെ കഴിഞ്ഞ കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടമായിരിക്കുമെന്ന പ്രവചനവും തെറ്റി. വോട്ടുകളെണ്ണിയപ്പോൾ കോൺഗ്രസ് ബി.ജെ.പിയെ അപേക്ഷിച്ച് ബഹുദൂരം മുന്നിലായിരുന്നു.
ഇക്കുറി ഏറെ പ്രതീക്ഷയിലാണ് കോൺഗ്രസും ബി.ജെ.പിയും. 2018ൽ മധ്യപ്രദേശിൽ കോൺഗ്രസിനായിരുന്നു വിജയമെങ്കിലും രണ്ടുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടുപിടിച്ച് ഭരണം ബി.ജെ.പി കൈക്കലാക്കിയിരുന്നു.ഇക്കുറിയും കോൺഗ്രസിനു തന്നെ മുന്നേറ്റം ലഭിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
നവംബർ 25നായിരുന്നു രാജസ്ഥാനിലെ തെരഞ്ഞെടുപ്പ്. 74.71ശതമാനയായിരുന്നു പോളിങ്. രാജസ്ഥാനിൽ കോൺഗ്രസും ബി.ജെ.പിയും മാറിമാറി ഭരിക്കുകയായിരുന്നു. ഇതുവരെ ഒരു സർക്കാരും രണ്ടുവട്ടം അധികാരത്തിലിരുന്നിട്ടില്ല.ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്ന് കരുതുന്നവരാണ് അധികവും.കർണാടകയിലെ പോലെ തെലങ്കാനയിലും ഭാരത് ജോഡോ യാത്ര വോട്ടായി പെട്ടിയിലെത്തിയിട്ടുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.