‘തീവ്രവാദ ചിന്തയിലേക്ക് നീങ്ങി; ഭീകരബന്ധം കണ്ടെത്തിയില്ല’; പാർലമെന്റ് ആക്രമണ കേസിന്റെ പ്രാഥമിക പൊലീസ് ഭാഷ്യം

ന്യൂഡൽഹി: വ്യത്യസ്ത പ്രായക്കാരായ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള അഞ്ച് പേർ കേന്ദ്ര സർക്കാറിന്റെ പ്രവർത്തനത്തിൽ തങ്ങൾക്കുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ ഒരുക്കിയ അതിക്രമമായിട്ടാണ് ഡൽഹി പൊലീസ് പുതിയ പാർലമെന്റ് മന്ദിരത്തിലെ ആക്രമണത്തെ ഇതുവരെയുള്ള അന്വേഷണത്തിൽ വിലയിരുത്തുന്നത്. ‘ഭഗത് സിങ് ഫാൻ ക്ലബ്’ എന്ന സമൂഹ മാധ്യമ പേജ് മാത്രമാണ് പ്രാഥമികമായി ഇവരെ യോജിപ്പിക്കുന്ന കണ്ണിയായി പൊലീസ് കണ്ടെത്തിയത്. എല്ലാവരും ദേശീയ അന്തർദേശീയ തലങ്ങളിലുള്ള വിപ്ലവകാരികളെ കുറിച്ച് വായനയും അറിവുമുള്ളവരാണ്.

തീവ്രവാദ ചിന്തയിലേക്ക് നീങ്ങിയെങ്കിലും ഭീകര സംഘടനകളുമായി ബന്ധമിതുവരെ കണ്ടെത്തിയിട്ടില്ല. ആർക്കും പരിക്കേൽപിക്കാതെ നടത്തിയ അതിക്രമമാണെങ്കിലും സംഘാംഗങ്ങൾ തീവ്രവാദവത്കരിക്കപ്പെട്ടിട്ടുണ്ട്. ഏതാനും അസ്വസ്ഥരായ ചെറുപ്പക്കാരുടെ സർക്കാറിനോടുള്ള പ്രതിഷേധമായിരുന്നോ അതല്ല, ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പറയാനായിട്ടില്ല.

തൊഴിലു കിട്ടാത്ത നിരാശ; രോഷം

തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷക സമരം, മണിപ്പൂർ കലാപം എന്നിവയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടരല്ലെന്നും ഒരു സന്ദേശം രാജ്യത്തിന് നൽകാനാണ് കൃത്യം നടത്തിയതെന്നും പിടിയിലായവർ പറഞ്ഞുവെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. തങ്ങൾ മനസ്സിൽ പ്രതിഷ്ഠിച്ച ശഹീദ് ഭഗത് സിങ്ങിനെപ്പോലെ പാർലമെന്റിനകത്ത് കയറി സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്നും ചോദ്യം ചെയ്യലിൽ അവർ പറഞ്ഞതായും പൊലീസ് പറയുന്നുണ്ട്. വിദ്യാഭ്യാസം നേടി നിരവധി ശ്രമങ്ങൾ നടത്തിയിട്ടും തൊഴിലൊന്നും ലഭിക്കാതെ നിരാശരായവരാണ് നീലവും അമോൾ ഷിൻഡെയും. ബി.എ, എം.എ, ബി.എഡ്, എം.എഡ്, എം.ഫിൽ എന്നിവ കരസ്ഥമാക്കിയിട്ടും നീലത്തിന് ജോലിയൊന്നും ലഭിച്ചില്ല. അമോൾ ഷിൻഡെയാകട്ടെ പൊലീസിലോ സൈന്യത്തിലോ കയറാനുള്ള പരിശ്രമത്തിലായിരുന്നു. സമൂഹ മാധ്യമ പോസ്റ്റുകളിൽ ഭഗത് സിങ്ങിന്റെയും ചെഗുവേരയുടെയും ഉദ്ധരണികളുള്ള 27കാരനായ സാഗർ ശർമ ഡൽഹിയിൽ ജനിച്ച് ലഖ്നോവിൽ റിക്ഷയോടിച്ച് ജീവിക്കുകയാണ്. 34കാരനായ മനോരഞ്ജൻ ബി.ജെ.പി പശ്ചാത്തലത്തിൽനിന്നുള്ള കംപ്യൂട്ടർ എൻജിനീയറിങ് ബിരുദധാരിയാണ്.

മുഖ്യ ആസൂത്രണം ലളിത് ഝായുടെത്

പാർലമെന്റിൽ അതിക്രമിച്ചു കടന്ന് പ്രതിഷേധമുയർത്താൻ തീരുമാനിച്ചത് ലളിത് ഝാ ആയിരുന്നുവെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. പശ്ചിമ ബംഗാളിലെ പുരുലിയയിൽ അധ്യാപകനെന്നാണ് ലളിത് ഝാ സമൂഹ മാധ്യമങ്ങളിൽ പരിചയപ്പെടുത്തുന്നത്. നാലു പേരിൽ രണ്ടു പേരെ പാർലമെന്റിന് അകത്തേക്കും രണ്ട് പേരെ പുറത്തേക്കും വിട്ടതും ഝാ ആയിരുന്നു. നാലുപേരുടെയും ഫോണുകൾ വാങ്ങി വെച്ച ലളിത് ഝാ, പാർലമെന്റിന് പുറത്ത് പുകത്തോക്ക് പൊട്ടിച്ചതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലിടാനായി പകർത്തിയ ശേഷമാണ് കടന്നുകളഞ്ഞതെന്നാണ് പൊലീസ് മാധ്യമങ്ങൾക്ക് നൽകുന്ന വിവരം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചുവെന്നും പറയുന്നു.

വർണപ്പുകത്തോക്കിനു പുറമെ ലഘുലേഖകളും

മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് വർണപ്പുകത്തോക്ക് വാങ്ങിയത് പാർലമെന്റ് കവാടത്തിൽ അത് പൊട്ടിച്ച അമോൾ ഷിൻഡെയാണ്. ഷിൻഡെ വാങ്ങി മുംബൈ കുർളയിലേക്ക് കൊണ്ടുവന്നു. ലഖ്നോവിലെ സാഗർ ശർമ അമോൾ ഷിൻഡെയുടെ പക്കൽനിന്ന് കുർളയിൽവെച്ച് അതേറ്റുവാങ്ങി. വർണപ്പുകത്തോക്ക് ഒരു ഷൂസിലും ലോക്സഭയിൽ വിതറാനുള്ള ലഘുലേഖകൾ രണ്ടാമത്തെ ഷൂസിലും തിരുകിവെച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്തു കയറിയത്. എന്നാൽ, പുകത്തോക്ക് പൊട്ടിക്കാനായതല്ലാതെ രണ്ടാമത്തെ ഷൂവിൽവെച്ച ലഘുലേഖകൾ ലോക്സഭയിൽ വിതറാനായില്ല. അതേസമയം ആ ലഘുലേഖയിലെ ഉള്ളടക്കമെന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടുമില്ല.

അവസാന കൂടിയാലോചന നടന്നത് ഇന്ത്യാ ഗേറ്റിൽ

ആക്രമണ ദിവസം വിക്കി ശർമയുടെ വീട്ടിലാണ് ആദ്യം സംഘം യോഗം ചേർന്നത്. രാവിലെ ഗുരുഗ്രാമിൽനിന്ന് നേരെ രാജീവ് ചൗക്കിലെത്തി വീണ്ടും ഒത്തുചേർന്നു. അതിന് ശേഷം സാഗർ ശർമ സദർ ബസാറിലേക്ക് പോയി ദേശീയ പതാകകൾ വാങ്ങി ഇന്ത്യാ ഗേറ്റിലേക്ക് വന്നു.

എന്നാൽ, ദേശീയ പതാകയും ലഘുലേഖകളും പുറത്ത് കണ്ടിട്ടില്ല. പാർലമെന്റിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഒരിക്കൽകൂടി ഒത്തുചേർന്നു. അര മണിക്കൂർ നീണ്ടുനിന്ന യോഗത്തിലാണ് അവസാനവട്ട ഒരുക്കങ്ങൾ നടത്തിയത്. ഓരോരുത്തർക്കുമുള്ള ഉത്തരവാദിത്തങ്ങൾ വീതം വെച്ചത്.

Tags:    
News Summary - Preliminary Police Statement in Parliament Attack Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.