വോട്ട് തേടിയെത്തുന്ന ബി.ജെ.പി സ്ഥാനാർഥികളോട് ചോദ്യങ്ങൾ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. കർഷക വിരുദ്ധ നയങ്ങൾക്കും തങ്ങൾ നേരിട്ട അതിക്രമങ്ങൾക്കും വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ അവരെ പ്രചാരണത്തിന് അനുവദിക്കാതെ തിരിച്ചയക്കും.
മൻജീത് സിങ് (കിസാൻ മസ്ദൂർ മോർച്ച നേതാവ്
‘‘ഏത് സ്ഥാനാർഥിക്കും നിങ്ങൾക്ക് വോട്ട് നൽകാം; പക്ഷേ, ബി.ജെ.പി സ്ഥാനാർഥിയുടെ പരാജയം ഉറപ്പാക്കണം. കർഷകരുടെ ഡൽഹി പ്രവേശനത്തിന് തടസ്സം നിൽക്കുന്നതും ദ്രോഹിക്കുന്നതും ബി.ജെ.പി സർക്കാറാണ്’’ -ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് പ്രഖ്യാപിക്കാൻ സംയുക്ത കർഷക മോർച്ച രാഷ്ട്രീയേതര വിഭാഗം കുരുക്ഷേത്രയിലെ പിപ്പ്ലിയിൽ നടത്തിയ കർഷക മഹാപഞ്ചായത്ത് വേദിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വലിച്ചുകെട്ടിയ ഫ്ലക്സിൽ കുറിച്ചിട്ട വരികളാണിത്.
കേന്ദ്ര സർക്കാറിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ മാസങ്ങളോളം ഡൽഹി വളഞ്ഞുള്ള ഒന്നാം കർഷക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി കർഷക മഹാപഞ്ചായത്ത് വിളിച്ചുചേർത്ത കുരുക്ഷേത്രയിലെ പിപ്പ്ലി മണ്ഡിയിൽതന്നെയാണ് അവർ വീണ്ടും ഒത്തുകൂടിയത്. സമ്മേളന നഗരിയിലേക്ക് ട്രാക്ടറുകളിലും ബസുകളിലുമായി ഹരിയാനയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് എത്തിയത്.
കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പി സർക്കാറുകൾ തങ്ങളോട് ചെയ്ത ദ്രോഹങ്ങൾക്ക് പ്രതികാരം ചെയ്യാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ എല്ലാവരും ഉപയോഗിക്കണമെന്ന് മഹാപഞ്ചായത്തിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു. വ്യവസായ, ഐ.ടി നഗരങ്ങളായ ഫരീദാബാദ്, ഗുഡ്ഗാവ് മേഖലകളിൽ ഒഴികെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും തങ്ങൾക്ക് നിർണായക സ്വാധീനമുണ്ടെന്നും അത് കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും കിസാൻ മസ്ദൂർ മോർച്ച നേതാവ് മൻജീത് സിങ് മാധ്യമത്തോട് പറഞ്ഞു.
വോട്ട് തേടിയെത്തുന്ന ബി.ജെ.പി സ്ഥാനാർഥികളോട് ചോദ്യങ്ങൾ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. കർഷക വിരുദ്ധ നയങ്ങൾക്കും തങ്ങൾ നേരിട്ട അതിക്രമങ്ങൾക്കും വ്യക്തമായ മറുപടി നൽകാൻ തയാറായില്ലെങ്കിൽ അവരെ പ്രചാരണത്തിന് അനുവദിക്കാതെ തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അംബാലയിൽ മത്സരിക്കുന്ന ആഭ്യന്തര മന്ത്രി അനിൽ വിജിനെ പ്രചാരണത്തിന് അനുവദിക്കാതെ വാഹനം തിരിച്ചുവിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
ജനനായക് ജനത പാർട്ടി (ജെ.ജെ.പി), ബി.ജെ.പി ബന്ധം വിട്ടെങ്കിലും അവരോടൊപ്പമുണ്ടായിരുന്ന സമയത്ത് സ്വീകരിച്ച നിലപാടുകൾ കർഷകർ മറക്കില്ലെന്ന് കർഷക മഹാപഞ്ചായത്തിനെത്തിയ സുഖ്ദീപ് സിങ് വ്യക്തമാക്കി. കഴിഞ്ഞ തവണ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ജെ.ജെ.പി സ്ഥാനാർഥികൾക്ക് ലഭിച്ചിരുന്നു. ഇക്കുറി അതുണ്ടാവില്ല. മിക്ക മണ്ഡലങ്ങളിലും കോൺഗ്രസിനായിരിക്കും കർഷക വോട്ട് ലഭിക്കുകയെന്നും സുഖ്ദീപ് സിങ് കൂട്ടിച്ചേർത്തു.
24 വിളകൾക്ക് താങ്ങുവില നൽകുമെന്നും വിപണി ആധുനികവത്കരിക്കുമെന്നും ബി.ജെ.പി പ്രകടനപത്രികയിലുള്ളത് ചൂണ്ടിക്കാട്ടിയപ്പോൾ ഇത്രയുംകാലം അവർ എന്തുകൊണ്ട് നടപ്പാക്കിയില്ലെന്നായിരുന്നു കർഷകരുടെ ചോദ്യം.
എന്നാൽ, കർഷകർക്ക് വേണ്ടതെല്ലാം ബി.ജെ.പി സർക്കാർ ചെയ്തിട്ടുണ്ടെന്നും ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നും കുരുക്ഷേത്രയിലെ ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.