ഈ കൂട്ട മറവിരോഗം ഭയപ്പെടുത്തുന്നു; നിർഭയക്കു ശേഷമുള്ള ബലാത്സംഗക്കേസുകൾ ആളുകൾ മറന്നു -രാഷ​്ട്രപതി

ന്യൂഡൽഹി: നിർഭയക്കു ശേഷം പല ബലാത്സംഗക്കേസുകളും വിസ്മരിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാഷ്ട്രപതി. സംഭവത്തിൽ ആദ്യമായാണ് രാഷ്ട്രപതി പരസ്യമായി പ്രതികരിക്കുന്നത്.

ഭീതിപ്പെടുത്തുന്നതും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണ് കൊൽക്കത്തയിൽ നടന്നിരിക്കുന്നതെന്നും അവർ പറഞ്ഞു. സ്ത്രീയെ പലരും വിലകുറഞ്ഞ, നിന്ദ്യമായ, ശക്തി കുറഞ്ഞ വസ്തുവായാണ് ചിലർ കാണുന്നത്. നിന്ദ്യമായ മാനസികാവസ്ഥയാണ് അത്തരക്കാർക്ക്.

ഈ അതി​ക്രമങ്ങൾക്ക് അവസാനമുണ്ടാകണം. പെൺമക്കളും സഹോദരിമാരും ഇത്തരത്തിൽ ​ക്രൂശിക്കപ്പെടാൻ ഒരു പരിഷ്‍കൃത സമൂഹവും അനുവദിക്കില്ല. നിർഭയ കേസ് നടന്നിട്ട് 12 വർഷം തികഞ്ഞു. അതിനു ശേഷം എണ്ണമറ്റ ബലാത്സംഗക്കേസുകൾ രാജ്യത്ത് നടന്നു. എന്നാൽ ആളുകൾ സൗകര്യപൂർവം അതെല്ലാം മറന്നു കളഞ്ഞുവെന്നും രാഷ്ട്രപതി കുറ്റപ്പെടുത്തി. ഏതാനും ചില കേസുകൾക്ക് മാത്രം ദേശീയ ശ്രദ്ധ കിട്ടുന്നു. എന്നിട്ടും നമ്മൾ പാഠം പഠിക്കുന്നില്ല. കുറച്ചുകാലത്തെ പ്രതിഷേധത്തിന് ശേഷം എല്ലാം മറവിയിലൊതുങ്ങും. ഇത്തരത്തിലുള്ള കൂട്ട മറവിരോഗം പ്രത്യേക തരം മാനസികാവസ്ഥയാണെന്നും രാഷ്ട്രപതി വിമർശിച്ചു.

ചരിത്രത്തെ അഭിമുഖീകരിക്കാൻ ഭയപ്പെടുന്ന സമൂഹങ്ങൾ മാത്രമാണ് കൂട്ടായ മറവി രോഗത്തിലേക്ക് തിരിയുന്നത്.ഇതിനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രപതി ഓർമപ്പെടുത്തി. രാജ്യത്തുടനീളം സ്ത്രീകൾക്കുടനീളമുള്ള അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

Tags:    
News Summary - President Says many rapes forgotten since Nirbhaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.