ഈ കൂട്ട മറവിരോഗം ഭയപ്പെടുത്തുന്നു; നിർഭയക്കു ശേഷമുള്ള ബലാത്സംഗക്കേസുകൾ ആളുകൾ മറന്നു -രാഷ്ട്രപതി
text_fieldsന്യൂഡൽഹി: കൊൽക്കത്തയിലെ ആർ.ജി കാർ ആശുപത്രിയിൽ വനിത ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതും ക്രൂരവുമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യം ഉണരണമെന്നും സ്ത്രീകളെ ശക്തി കുറഞ്ഞവരും ബുദ്ധിയില്ലാത്തവരുമായി കാണുന്ന ചിന്താഗതിയെ ചെറുക്കണമെന്നും വാർത്ത ഏജൻസിയായ പി.ടി.ഐയിലെ പത്രപ്രവർത്തകരുമായുള്ള സംഭാഷണത്തിൽ രാഷ്ട്രപതി പറഞ്ഞു.
കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ഭയാനകമാണെന്ന് ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു. പെൺമക്കളെയും സഹോദരിമാരെയും ഇത്തരം ക്രൂരതകൾക്കിരയാക്കുന്നത് പരിഷ്കൃത സമൂഹത്തിന് അനുവദിക്കാനാവില്ല. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ് ഇത്തരം സംഭവങ്ങളെന്നത് ഏറെ നിരാശാജനകമാണ്. ഇത്തരം സംഭവങ്ങളിൽ രാജ്യത്ത് രോഷമുയരും. തനിക്കും അതേ വികാരമാണെന്നും അവർ സൂചിപ്പിച്ചു.
വിദ്യാർഥികളും ഡോക്ടർമാരും പൗരന്മാരും കൊൽക്കത്തയിൽ പ്രതിഷേധിക്കുമ്പോഴും ക്രിമിനലുകൾ മറ്റിടങ്ങളിൽ വേട്ടയാടൽ തുടരുകയായിരുന്നെന്നും ഇരകളിൽ നഴ്സറി സ്കൂൾ വിദ്യാർഥിനികൾവരെ ഉൾപ്പെടുന്നുവെന്നും മുർമു പറഞ്ഞു. 2012ൽ നിർഭയ സംഭവത്തിനുശേഷം പദ്ധതികൾ ആവിഷ്കരിച്ചതിനാൽ ചില മാറ്റങ്ങളുണ്ടായി. അതിനുശേഷവും സമാന സ്വഭാവമുള്ള എണ്ണമറ്റ ദുരന്തങ്ങളുണ്ടായെങ്കിലും രാജ്യവ്യാപക ശ്രദ്ധയുള്ള സംഭവങ്ങൾ കുറവായിരുന്നു.
ഇത്തരം വൈകല്യങ്ങളെ സമഗ്രമായ രീതിയിൽ കൈകാര്യം ചെയ്ത് തുടക്കത്തിൽതന്നെ തടയണം. സമൂഹത്തിന് സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധന ആവശ്യമാണ്. ചില ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾ സ്വയം ചോദിക്കണമെന്ന് മുർമു പറഞ്ഞു. എവിടെയാണ് പിഴച്ചതെന്നും തെറ്റുകൾ ഇല്ലാതാക്കാൻ എന്തുചെയ്യാൻ കഴിയുമെന്നും രാഷ്ട്രപതി ചോദിച്ചു. ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താതെ രാജ്യത്തെ സ്ത്രീകൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയില്ലെന്നും ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.