ഗുഡ്ഗാവ്: ഹരിയാനയിലെ ഗുഡ്ഗാവിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. കൈവിരൽ നഖം നീട്ടി, നീളമേറിയ കമ്മൽ ധരിച്ചു, മൊബൈൽ ഫോൺ കൊണ്ടുവന്നു എന്നീ കാരണങ്ങൾ പറഞ്ഞ് മറ്റ് വിദ്യാർഥികളുടെ മുമ്പിൽ വെച്ച് കുട്ടിയെ പ്രിൻസിപ്പൽ ശിക്ഷിച്ചതിൽ മനംനൊന്താണ് കടുംകൈ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഏപ്രിൽ ഒമ്പതാം തിയതിയാണ് പെൺകുട്ടി സീലിങ് ഫാനിൽ തുങ്ങി മരിച്ചത്. ഏപ്രിൽ എട്ടാം തിയതി കുട്ടി അച്ചടക്ക ലംഘനം നടത്തിയെന്ന് കാണിച്ച് പ്രിൻസിപ്പൽ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിച്ചിരുന്നു. കൈവിരൽ നഖം നീട്ടി, നീളമേറിയ കമ്മൽ ധരിച്ചു, മൊബൈൽ ഫോൺ കൊണ്ടുവന്നു എന്നിവയായിരുന്നു കുറ്റം. കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കുമെന്നായിരുന്നു ഭീഷണി.
അന്ന് വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടി ആരോടും സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ തയാറായില്ല. കുട്ടിയെ സ്കൂളിൽ നിന്ന് പുറത്താക്കരുതെന്ന് അപേക്ഷിക്കാനായി മാതാപിതാക്കൾ പിറ്റേ ദിവസം വീണ്ടും സ്കൂളിലെത്തി. ഇൗ പ്രാവശ്യം അതേ സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനെയും കൂടെ കൂട്ടിയിരുന്നു.
'അവരെ വീണ്ടും കണ്ടതോടെ പ്രിൻസിപ്പൽ ദേഷ്യത്തിലായി. ആ സമയം രണ്ട് കുട്ടികളെയും കുറിച്ച് അയാൾ പരാതി പറഞ്ഞു. അവരെ ഒഴിവാക്കുമെന്നും പറഞ്ഞു. ഓൺലൈൻ ക്ലാസിന് വേണ്ടിയാണ് കുട്ടി മൊബൈൽ ഫോൺ ഉപയോഗിച്ചതെന്ന് സഹോദരൻ പ്രിൻസിപ്പലിനോട് പറഞ്ഞെങ്കിലും അദ്ദേഹം അത് ചെവികൊണ്ടില്ല. ഓഫിസ് വിട്ട് പുറത്ത് പോകാനായിരുന്നു അദ്ദേഹത്തിന്‍റെ കൽപന' -മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു.
സ്കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം സ്കൂളിൽ നിന്ന് പുറത്താക്കരുതെന്ന് ഒരിക്കൽ കൂടി അപേക്ഷിക്കാമെന്ന് മാതാപിതാക്കൾ പെൺകുട്ടിയെ അറിയിച്ചു. ഇത് കേട്ട കുട്ടി ഒന്നും മിണ്ടാെത ഒന്നാം നിലയിലുള്ള റൂമിൽ കയറി കതകടച്ചു. സമയം ഏറെ കഴിഞ്ഞിട്ടും കുട്ടിയെ പുറത്ത് കാണാത്തതിനെ തുടർന്ന് സഹോദരൻ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പെൺകുട്ടിയെ പ്രിൻസിപ്പൽ ശകാരിക്കുകയും മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ച് അടിക്കുകയും ചെയ്തതായി സഹപാഠികൾ പറഞ്ഞു. ഇതിന് പിന്നാലെ ഏപ്രിൽ 14ന് കുട്ടിയുടെ ബന്ധു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രിൻസിപ്പലിനെതിരെ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.