ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിലെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന് പ്രിയങ്ക് ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് ഹൈകമാൻഡ് ആവശ്യപ്പെട്ടാൽ കർണാടകയിലെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുമെന്ന് സംസ്ഥാന ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ. മുഖ്യമന്ത്രിയാവുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. മുഖ്യമന്ത്രിയാവാമോയെന്ന് ഹൈകമാൻഡ് ചോദിക്കുകയാണെങ്കിൽ താൻ സമ്മതം മൂളുമെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് ​പ്രിയങ്ക് ഖാർഗെ.

നേരത്തെ ബി.ജെ.പിക്കെതിരെ പ്രിയങ്ക് ഖാർഗെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ അമിത് ഷായിൽ നിന്ന് സംസ്ഥാന ബി.ജെ.പി നേതാക്കൾ 1000 കോടി ആവശ്യപ്പെട്ടുവെന്നായിരുന്നു പ്രിയങ്ക് ഖാർഗെയുടെ ആരോപണം.

കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി സമീപിച്ചുവെന്നും ഓരോരുത്തർക്കും 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പാർട്ടി എം.എൽ.എ രവികുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന പുറത്ത് വന്നത്.

അതേസമയം, താൻ അഞ്ച് വർഷവും അധികാരത്തിൽ തുടരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസിൽ നേതൃമാറ്റമുണ്ടാവുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിദ്ധരാമയ്യ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. കോൺഗ്രസ് സർക്കാർ കാലാവധി പൂർത്തിയാക്കുമെന്നും താൻ തന്നെ അഞ്ച് വർഷവും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

രണ്ടര വർഷം കഴിഞ്ഞാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം, പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്ന് കർണാടക സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു.

Tags:    
News Summary - Priyank Kharge's big statement after Siddaramaiah says he'll stay Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.