ന്യൂഡൽഹി: കോൺഗ്രസ് നേതൃസ്ഥാനത്തെത്തിയ പ്രിയങ്ക ഗാന്ധിക്ക് കോൺഗ്രസ് ആസ്ഥാനത്ത് ഒാഫീസ് റൂം ലഭിച്ചു. പാർട്ടി അധ്യക്ഷനും സഹോദരനുമായ രാഹുൽ ഗാന്ധി നേരത്തേ ഉപയോഗിച്ച റൂമാണ് ലഭിച്ചത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് രാഹുൽ ഈ റൂമാണ് ഉപയോഗിച്ചിരുന്നത്. രാഹുലിൻെറ ഇപ്പോഴത്തെ ഓഫീസിനു തൊട്ടടുത്താണ് ഇത്. തിങ്കളാഴ്ച അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം പാർട്ടി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ചുമതലയേൽക്കും.
ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ പ്രിയങ്ക ഗാന്ധിയുടെ നെയിംപ്ലേറ്റുകൾ ഇതിനകം ഒാഫീസിന് മുന്നിൽ തൂക്കി. കുംഭ മേളക്ക് ശേഷം ഔദ്യോഗികമായി പ്രിയങ്ക ചുമതല ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ഇതിന് മുന്നോടിയായി പ്രിയങ്ക വരുന്നുണ്ട്.
യു.പിയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ലഭിച്ച പ്രിയങ്ക താമസിയാതെ ഉത്തർപ്രദേശിലേക്ക് തിരിക്കും. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് മുന്നോടിയായി നെഹ്റു ഭവൻ എന്നറിയപ്പെടുന്ന ലഖ്നോവിലെ കോൺഗ്രസ് ഓഫീസ് മോടിപിടിപ്പിക്കൽ ചടങ്ങ് പുരോഗമിക്കുകയാണ്. മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാ ഗാന്ധി ഉപയോഗിച്ച റൂമാണ് ലഖ്നോ ഓഫീസിൽ പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. യു.പിയിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.