ലഖ്നോ: 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുൻനിർത്തിയാകും നേരിടുകയെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ, കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയെങ്കിലും മുഖ്യമന്ത്രി മുഖം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. യു.പിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ പ്രിയങ്ക എത്തുമോ എന്ന ആകാംക്ഷയിലാണ് പലരും.
എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രിയങ്ക എത്തുമോ ഇല്ലയോ എന്ന് അവർ തന്നെ തീരുമാനിക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സൽമാൻ ഖുർഷിദ്.
'പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുക. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർഥിയാകുമോ ഇല്ലയോ എന്ന് അവർ തന്നെ തീരുമാനമെടുക്കണം' -സൽമാൻ ഖുർഷിദ് പറഞ്ഞു.
'ഞങ്ങൾക്ക് ഇതിനകം ഒരു പാർട്ടി അധ്യക്ഷനുണ്ട്. അതിനാൽ പുതിയ ഒരാളെ വേണമെന്ന അഭിപ്രായം ഇല്ല. ഞങ്ങൾ തൃപ്തരാണ്. പുറത്തുനിന്നുള്ളവർ (കോൺഗ്രസിന് പുറത്ത്) സംത്യപ്തരല്ലെന്ന് തോന്നുന്നു' -പാർട്ടി അധ്യക്ഷസ്ഥാനവുമായി ബന്ധെപ്പട്ട ചർച്ചകളോട് അേദഹം പ്രതികരിച്ചു.
ശനിയാഴ്ച, കോൺഗ്രസിന്‍റെ സാമൂഹിക മാധ്യമ വിഭാഗം കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി വരണമെന്ന പ്രമേയം പാസാക്കിയിരുന്നു. കൂടാതെ ഡൽഹി പ്രദേശ് മഹിള കോൺഗ്രസും സമാന പ്രമേയം പാസാക്കിയിരുന്നു.
2022ന്‍റെ തുടക്കത്തിലായിരിക്കും യു.പി നിയമസഭ തെരഞ്ഞെടുപ്പ്. 2017ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 403ൽ 317 സീറ്റുകൾ നേടി ഏകപക്ഷീയ വിജയം നേടിയിരുന്നു. 39.67ശതമാനം വോട്ടാണ് ബി.ജെ.പി 2017ൽ നേടിയത്. സമാജ്വാദി പാർട്ടിക്ക് 47സീറ്റും ബി.എസ്.പിക്ക് 19 സീറ്റും ലഭിച്ചപ്പോൾ കോൺഗ്രസിന് ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.