ന്യൂഡൽഹി: സായുധസേന റിക്രൂട്ട്‌മെന്റിലെ കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് കത്തയച്ചു. സേനയിൽ ചേരുക എന്ന സ്വപ്നത്തോടെ ലക്ഷക്കണക്കിന് യുവാക്കളാണ് കഠിനാധ്വാനത്തോടെ തയ്യാറെടുക്കുന്നതെന്നും എന്നാൽ വർഷങ്ങളായി റിക്രൂട്ട്മെന്‍റ് നടന്നിട്ടില്ലെന്നും പ്രിയങ്ക കത്തിൽ ചൂണ്ടിക്കാട്ടി.
റിക്രൂട്ട്‌മെന്റ് ഫലങ്ങൾ, റിക്രൂട്ട്‌മെന്റിലെ കാലതാമസം, സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് റാലികൾ എന്നിവയുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടുമുള്ള യുവാക്കൾ സർക്കാരിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുികയാണെന്ന് പ്രിയങ്ക പറഞ്ഞു.
എയർഫോയ്‍സിലേക്ക് 2020 നവംബറിൽ നടന്ന റിക്രൂട്ട്മെന്‍റിന്‍റെ ഫലം അതേ മാസം തന്നെ പുറത്ത് വിട്ടു. എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയിട്ടും എന്റോൾമെന്‍റ് ലിസ്റ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ലെന്ന് റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രിയങ്ക പറഞ്ഞു.
എൻറോൾമെന്റ് ലിസ്റ്റ് നൽകുന്ന തീയതി അധികൃതർ വീണ്ടും വീണ്ടും നീട്ടുകയാണെന്നും അന്തിമ ലിസ്റ്റ് ഉടൻ പുറത്തിറക്കണമെന്നും പ്രിയങ്ക പ്രതിരോധ മന്ത്രിയോട് അഭ്യർത്ഥിച്ചു.
എയർഫോഴ്‌സിലെ സൈനിക റിക്രൂട്ട്‌മെന്റിന്റെ മറ്റൊരു പരീക്ഷ 2021 ജൂലൈയിൽ നടന്നു. അതിൽ ലക്ഷക്കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. റിക്രൂട്ട്മെന്‍റ് ഫലങ്ങൾ 2021 ഓഗസ്റ്റിൽ പുറത്തു വിടേണ്ടതായിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുവാക്കൾ ആശങ്കയിലാണ്. സായുധ സേനയിലെ ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താൻ, കാലതാമസമില്ലാതെ റിക്രൂട്ട്‌മെന്റ് നടത്തണമെന്നും എല്ലാ റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലും റിക്രൂട്ട്‌മെന്റ് റാലികൾ സംഘടിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
വർഷങ്ങളായി റിക്രൂട്ട്മെന്‍റ് നടക്കാത്തതിനാലും, നിയമനങ്ങളിലെ കാലതാമസവും കാരണം അർഹരായ നിരവധി യുവാക്കൾക്ക് വർഷങ്ങൾ നഷ്ടപ്പെടുകയാണ്. അതിനാൽ സായുധ സേനാ റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധിയിൽ രണ്ട് വർഷത്തെ ഇളവ് നൽകണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.