പ്രിയങ്കയുടെ വിശ്വസ്തന്‍ ശ്രീനിവാസന്‍ കൃഷ്ണയെ രാജ്യസഭയിലേക്കയക്കാൻ ഹൈക്കമാന്‍റ് നിർദേശം

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യു.ഡി.എഫിന് വിജയ സാധ്യതയുള്ള ഏക രാജ്യസഭാ സീറ്റില്‍ പ്രിയങ്കാ ഗാന്ധിയുടെ വിശ്വസ്തന്റെ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്റ്. തൃശൂര്‍ സ്വദേശിയും ബിസ്‌നസുകാരനുമായ ശ്രീനിവാസന്‍ കൃഷ്ണ(57)യുടെ പേരാണ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. നിലവിൽ എ.ഐ.സി.സി സെക്രട്ടറിയാണ് ശ്രീനിവാസന്‍ കൃഷ്ണ.

എം. ലിജുവിനെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഹൈക്കമാന്റിന്റെ നാടകീയ നീക്കം. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയില്‍ ലിജുവും പങ്കെടുത്തിട്ടുണ്ട്.

രാജ്യസഭാ സീറ്റിലേക്ക് കെ.വി.തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ സമ്മർദം ചെലുത്തുകയും വി.ടി ബൽറാമടക്കമുള്ളവരുടെ യുവനേതാക്കളുടെ പേരുകൾ സജീവ ചർച്ചയാവുകയും ചെയ്യുന്നതിനിടെയാണ് ശ്രീനിവാസ് കൃഷ്ണയുടെ പേരെത്തുന്നത്. സംസ്ഥാന ഘടകം തയ്യാറാക്കുന്ന പട്ടികയിലേക്ക് ശ്രീനിവാസന്‍റെ പേരുകൂടി നിർദേശിക്കണമെന്നാണ് നിർദേശം.

ശ്രീനിവാസൻ കൃഷ്ണൻ നേരത്തെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലായിരുന്നു ജോലി. പിന്നീട് പത്ത് വർഷത്തോളം കെ.കരുണാകരനൊപ്പം ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. ‌

തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എ.എ. റഹീമിനെ മത്സരിപ്പിക്കാനാണ് സി.പി.എം തീരുമാനം. 

Tags:    
News Summary - Priyanka's confidant Srinivasan Krishna to be sent to Rajya Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.