ന്യൂഡൽഹി: കേന്ദ്രത്തിനെതിരെ ഡൽഹി മദ്യനയ കേസിൽ അറസ്റ്റിലായ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ജയിലിലടച്ച് നിങ്ങൾക്കെന്നെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മദ്യനയ കേസിൽ അദ്ദേഹത്തെ ഏഴ് ദിവസത്തെ ഇ.ഡി കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് ട്വീറ്റ്.
"ജയിലിൽ അടച്ച് നിങ്ങൾക്കെന്നെ ബുദ്ധിമുട്ടിക്കാൻ സാധിച്ചേക്കും. എന്നാൽ നിങ്ങൾക്കൊരിക്കലും എന്‍റെ ആത്മവിശ്വാസത്തെ തകർക്കാൻ കഴിയില്ല. മുമ്പ് ബ്രിട്ടീഷുകാർ സ്വാതന്ത്ര്യസമര സേനാനികളെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ അവരെ തകർക്കാൻ ബ്രിട്ടീഷുകാർക്ക് സാധിച്ചിരുന്നില്ല"- സിസോദിയ പറഞ്ഞു.
തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ചയാണ് സിസോദിയയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അതിനുമുമ്പ് അദ്ദേഹം സി.ബി.ഐയുടെ കസ്റ്റഡിയിലായിരുന്നു. മദ്യനയ കേസിൽ ഫെബ്രുവരി 26 നാണ് അദ്ദേഹത്തെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്.
പാർട്ടിയെ അപകീർത്തിപ്പെടുത്തുക മാത്രമാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യമെന്ന് അറസ്റ്റിന് പിന്നാലെ ആം ആദ്മി പാർട്ടി ആരോപിച്ചു. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.