കാൺപൂർ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖ ചോർന്നതിൽ അന്വേഷണം. രാഷ്ട്രപതിയുടെ രണ്ടുദിവസത്തെ കാൺപൂർ സന്ദർശനത്തിന് ഏർപ്പെടുത്തിയ സുരക്ഷ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ രേഖയാണ് ചോർന്നത്.
സുരക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച രേഖകൾ വാട്സ്ആപിലൂടെ പ്രചരിക്കുകയായിരുന്നു.
രാഷ്ട്രപതി പെങ്കടുക്കുന്ന വേദികളിലെ സുരക്ഷ, വിവിധ സേനകളുടെ വിന്യാസം, മറ്റു സുരക്ഷ ക്രമീകരണങ്ങൾ തുടങ്ങിയവയുടെ രേഖ മുതിർന്ന ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സംഭവത്തിൽ കാൺപൂർ പൊലീസ് കമ്മീഷണർ അസിം അരുണാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
'എ.ഡി.സി.പി(ട്രാഫിക്) രാഹുൽ മിതാസിനാണ് അന്വേഷണം. രേഖ പരസ്യമാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവ പരസ്യമാക്കിയതിന് പിന്നിലെ ഉദ്ദേശവും കണ്ടെത്താനാണ് നിർദേശം' - കമ്മീഷണർ പറഞ്ഞു.
ബുധനാഴ്ചയും വ്യാഴാഴ്ചയുമായിരുന്നു രാഷ്ട്രപതിയുടെ കാൺപൂർ സന്ദർശനം. രാഷ്ട്രപതി സന്ദർശനത്തിന് മുന്നോടിയായി പൊലീസ് കമീഷണറേറ്റ് സുരക്ഷ ചുമതലകൾ സംബന്ധിച്ച് ബ്ലൂ പ്രിന്‍റ് തയാറാക്കിയിരുന്നു. 76 പേജുള്ള ബുക്ക്ലെറ്റിൽ രാഷ്ട്രപതി സന്ദർശനത്തിന്‍റെ രേഖകളും സുരക്ഷ ക്രമീകരണങ്ങളും രേഖപ്പെടുത്തിയിരുന്നു. കൂടാതെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും ഫോൺ നമ്പറുകളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഇൗ രേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും ബുക്ക്ലെറ്റിൽ രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.