ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത് നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷപദ്ധതികൾ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി. വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടന വേളയിൽ മൈസൂരുവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വ്യാജ വാഗ്ദാനങ്ങൾ നൽകാറില്ല. വിലക്കയറ്റം താങ്ങാനാവുന്നില്ലെന്ന് ഭാരത് ജോഡോ യാത്രക്കിടെ സ്ത്രീകൾ എന്നോട് പറഞ്ഞിരുന്നു. പദ്ധതികളിൽ നാലെണ്ണവും വനിതകൾക്കുള്ളതാണ്. അതിനു പിന്നിൽ കൃത്യമായ പദ്ധതിയുണ്ട്. കർണാടകയിൽ നടപ്പാക്കിയ സാമൂഹിക സുരക്ഷപദ്ധതികൾ മറ്റു സംസ്ഥാനങ്ങൾക്കുള്ള ബ്ലൂപ്രിന്റാണ്. ഇത് രാജ്യം മുഴുവൻ നടപ്പാക്കും. കർണാടക മറ്റു സംസ്ഥാനങ്ങൾക്ക് വഴികാട്ടുകയാണെന്നും രാഹുൽ പറഞ്ഞു.
അന്ത്യോദയ, ബി.പി.എൽ, എ.പി.എൽ കാർഡുകളിൽ ഗൃഹനായികയായി രേഖപ്പെടുത്തിയ വനിതകൾക്കാണ് ഗൃഹലക്ഷ്മി പദ്ധതിയിൽ തുക ലഭിക്കുക. എന്നാൽ, നികുതിയടക്കുന്ന സർക്കാർ ജീവനക്കാരികളും ഭർത്താവ് ആദായനികുതിയോ ജി.എസ്.ടിയോ അടക്കുന്ന കുടുംബത്തിലെ ഗൃഹനായികമാർക്കും പദ്ധതിയിൽ ചേരാനാവില്ല. 1.1 കോടി വനിതകൾ ഗുണഭോക്താക്കളായുള്ള ഗൃഹലക്ഷ്മി പദ്ധതിക്കായി ഈ സാമ്പത്തിക വർഷം 17,500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. ഗൃഹലക്ഷ്മിക്ക് പുറമെ, എല്ലാ നോൺ എ.സി സർക്കാർ ബസുകളിലും വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘ശക്തി’, എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’, ബി.പി.എൽ, അന്ത്യോദയ കാർഡുടമകൾക്ക് പ്രതിമാസം 10 കിലോ അരി നൽകുന്ന ‘അന്നഭാഗ്യ’, തൊഴിൽരഹിതരായ ബിരുദക്കാർക്ക് പ്രതിമാസ ധനസഹായം എന്നീ ക്ഷേമപദ്ധതികളാണ് കർണാടകയിൽ കോൺഗ്രസ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.