ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) ആളുകളെ തടങ്കലിൽ വെക്കാനുള്ള ഉപകരണമാക്കി മാറ്റരുതെന്നും ദീർഘനാളത്തെ വിചാരണത്തടവിനുശേഷം നിരപരാധിയെന്ന് തെളിഞ്ഞ് കുറ്റമുക്തരാക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും സുപ്രീംകോടതി.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം അകാരണമായി അനിശ്ചിതകാലത്തേക്ക് വിചാരണ തടങ്കലിൽ വെക്കാൻ ഭരണഘടന കോടതികൾക്ക് അനുവദിക്കാനാകില്ല. അന്വേഷണ പിഴവ് മൂലമോ, സാക്ഷികൾ കൂറുമാറുകയോ അല്ലാതെ ദീർഘകാലം വിചാരണത്തടവുകാരായി കഴിഞ്ഞവരുടെ നിരപരാധിത്വം വ്യക്തമായാൽ ഭാവിയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിൽ ജസ്റ്റിസ് എ.എസ്. ഓഖ, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നിരീക്ഷണം.
സമീപ ഭാവിയിലൊന്നും വിചാരണ പൂർത്തിയാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജിക്ക് 471 ദിവസം നീണ്ട ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.