ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള നിന്ദാ പരാമർശങ്ങളുടെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി സുപ്രീം കോടതിയെ സമീപിച്ചു.
കേസിൽ സുപ്രീം കോടതി ബെഞ്ച് ജൂലൈ ഒന്നിന് നടത്തിയ പരാമർശങ്ങളെ തുടർന്നാണ് അറസ്റ്റിൽനിന്ന് രക്ഷതേടി അവർ സുപ്രീംകോടതിയെ സമീപിച്ചത്. പ്രവാചകനിന്ദയുടെ പേരിൽ ഒമ്പത് എഫ്.ഐ.ആറുകളാണ് നൂപുർ ശർമ്മ നേരിടുന്നത്.
തന്റെ പരാമർശത്തിനെതിരെ സുപ്രീം കോടതിയുടെ ശക്തമായ വിമർശനത്തിന് പിന്നാലെ തനിക്കും കുടുംബാംഗങ്ങൾക്കും നിരന്തരം ബലാത്സംഗ-വധഭീഷണി ലഭിക്കുന്നുണ്ടെന്ന് അവർ സുപ്രീംകോടതിയെ അറിയിച്ചു.
ഡൽഹിയിലെ എഫ്.ഐ.ആറുകൾ കൂട്ടിച്ചേർക്കാൻ അവർ തന്റെ ഹരജിയിൽ അപേക്ഷിച്ചു. ഈ മാസം ആദ്യം, സുപ്രീം കോടതി നൂപുർ ശർമ്മയെ പരാമർശിച്ചുകൊണ്ട് നിർണായക നിരീക്ഷണങ്ങൾ നടത്തിയിരുന്നു. രാജ്യത്തിന് തീയിട്ട ശേഷം വിചാരണ നേരിടുന്നതിന് പകരം ഈ കോടതിയിൽ ആശ്വാസം ചോദിക്കാൻ ആ സ്ത്രീക്ക് ധൈര്യമുണ്ടായി എന്നാണ് സുപ്രീംകോടതി നൂപുർ ശർമയുടെ ഹരജി സംബന്ധിച്ച് പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.