പുണെ: പെൺമക്കളുണ്ടാകാത്തതിെൻറ പേരിൽ ക്രൂരമായി മർദിക്കുകയും ആൺകുഞ്ഞുണ്ടാകാനായി ദുർമന്ത്രവാദത്തിന് ഇരയാക്കിയെന്നുമുള്ള യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്റ്റിൽ. പുണെ ജില്ലയിൽ 31കാരിയുടെ പരാതിയിലാണ് നടപടി. നാലുവർഷമായി യുവതിയെ പെൺമക്കളുണ്ടായതിെൻറ പേരിൽ കുടുംബം ക്രൂരമായി മർദിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.
ഖേദിലെ ഒരു ഗ്രാമത്തിൽ ഭർത്താവിനും കുടുംബത്തിനൊപ്പവുമായിരുന്നു യുവതിയുടെ താമസം. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. 2017ൽ ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ മാനസികമായും ശാരീരികമായും ഭർത്താവും മാതാവും യുവതിയെ മർദിക്കാൻ തുടങ്ങി. കൂടാതെ യുവതിയുടെ വയറിൽ ചവിട്ടുകയും വീട്ടിലേക്ക് ദൗർഭാഗ്യം കൊണ്ടുവന്നെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടിൽനിന്ന് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെടുകയും ചെയ്തിരുന്നു.
2020ൽ വീണ്ടും ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഇതോടെ യുവതിക്ക് നേരെ അതിക്രമങ്ങളും വർധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനം തുടർന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.
ആഗസ്റ്റ് മൂന്നാമത്തെ ആഴ്ചയിൽ ഭർത്താവെത്തി യുവതിയെയും മക്കളെയും പുണെയിലേക്ക് തിരിച്ചുകൊണ്ടുപോയി. എന്നാൽ, അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആൾദൈവമെന്ന് വിശേഷിപ്പിക്കുന്ന ആളുടെ അടുത്തെത്തിക്കുകയായിരുന്നു. ദമ്പതികൾക്ക് അവിടെനിന്ന് ഭസ്മം നൽകി വിടുകയുംചെയ്തു. നഗ്ന ശരീരത്തിൽ ഭസ്മം പുരട്ടിയാൽ ആൺകുഞ്ഞ് ജനിക്കുമെന്നായിരുന്നു ആൾദൈവത്തിെൻറ വാദം.
വീട്ടിലെത്തിയതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ നിർബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത് ഭസ്മം പുരട്ടുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും ആൾദൈവത്തിനുമെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.