ഭാര്യയെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു തേജസ്വിയുടെയും ബാല്യകാല സുഹൃത്ത് റേച്ചൽ ഗോഡിഞ്ഞോയുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വളരെ രഹസ്യമായ ചടങ്ങിലായിരുന്നു വിവാഹം.
വധുവിനെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനിടെ തേജസ്വിയുടെ മാതാവ് റാബ്രി ദേവിയുടെ സഹോദരൻ സാധു യാദവ് വിവാഹത്തിനെതിരെ രംഗത്തെത്തിയിരുന്നു. ക്രിസ്ത്യൻ പെൺകുട്ടിയെ വിവാഹം കഴിച്ച തേജസ്വി യാദവിനെ ബഹിഷ്കരിക്കണം എന്നായിരുന്നു സാധുവിന്‍റെ ആവശ്യം. ഇതിനെതിരെ ലാലു പ്രസാദ് യാദവിന്‍റെ കുടുംബം വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.
വിവാഹം കഴിഞ്ഞ് ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയാൽ അമ്മാവനെ കൈകാര്യം ചെയ്യുമെന്ന് തേജസ്വിയുടെ മറ്റൊരു സഹോദരൻ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബീഹാറിൽ ഭാര്യക്കൊപ്പം മടങ്ങിയെത്തിയ തേജസ്വി മാധ്യമങ്ങളോട് ഭാര്യയെ കുറിച്ച് പറഞ്ഞത്. വിളിക്കാനുള്ള സൗകര്യത്തിന് പിതാവ് ലാലു പ്രസാദ് തന്നെയാണ് റേച്ചലിനെ രാജശ്രീ എന്ന് പുനർനാമകരണം ചെയ്തതെന്ന് തേജസ്വി വെളിപ്പെടുത്തി.
യാദവ ജാതിയിൽപ്പെട്ടതല്ലാത്ത ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്യുന്നതിലുള്ള മാതൃസഹോദരൻ സാധു യാദവിന്‍റെ എതിർപ്പിനോടും അദ്ദേഹം പ്രതികരിച്ചു. വ്യക്തിപരമായ പരാമർശങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ പുതിയ തലമുറ ഇത്തരം ആശയങ്ങളെ വിവേചനമായാണ് കണക്കാക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേർത്തു. ഉടൻ തന്നെ ബീഹാറിൽ ഒരു റിസപ്ഷൻ ആസൂത്രണം ചെയ്യുമെന്നും അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കുടുംബം തീയതി തീരുമാനിക്കുമെന്നും തേജസ്വി പറഞ്ഞു. ധാരാളം അതിഥികൾക്ക് ആതിഥ്യമരുളാൻ കഴിയുന്ന ഉചിതമായ വേദി തീരുമാനിക്കേണ്ടതിനാൽ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.