ന്യൂഡൽഹി: റഫാൽ വിധിയിൽ വസ്തുതാപരമായ അബദ്ധം കടന്നുകൂടിയത് വിവാദത്തിലായിരി ക്കെ പുനഃപരിശോധന ഹരജി സമർപ്പിച്ച അഭിഭാഷകർക്കെതിരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വിമർശനവുമായി രംഗത്തുവന്നു. വിധിക്കെതിരായ പുനഃപരിേശാധന ഹരജികൾ വൈകു ന്നത് അഭിഭാഷകരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടാണെന്ന് കുറ്റപ്പെടുത്തിയ ചീഫ് ജസ്റ്റിസ്, വിധിയിലെ പിഴവ് തിരുത്താൻ കേന്ദ്ര സർക്കാർ നൽകിയ അപേക്ഷയെക്കുറിച്ച് പരാമർശിച്ചില്ല.
മറ്റൊരു കേസ് സുപ്രീംകോടതി രജിസ്ട്രി പട്ടികയിൽപെടുത്തിയില്ലെന്ന് പരാതിപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് റഫാലിലെ ഹരജിക്കാരുടെ അഭിഭാഷകർക്കുനേരെ വിമർശനമുന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച അഭിഭാഷകനോട് കേസ് പെെട്ടന്ന് പരിഗണിക്കാത്തത് രജിസ്ട്രിയുടെ മാത്രം കുഴപ്പമായേക്കില്ല എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ ആദ്യ പ്രതികരണം. ചില കേസുകളിൽ അഭിഭാഷകരുടെ വീഴ്ചകൊണ്ടും കേസ് വൈകുമെന്ന് അദ്ദേഹം പറഞ്ഞു. നൽകിയ ഹരജികളിലുള്ള പിഴവുകൾ സമയത്തിന് തിരുത്തിനൽകാൻ അഭിഭാഷകർ തയാറാകാത്തതുകൊണ്ടും കേസ് വൈകുമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് റഫാൽ കേസും പരാമർശിച്ചത്. ‘‘മറുഭാഗത്തുള്ള അഭിഭാഷകരും അത്ര നിഷ്കളങ്കരല്ല. സ്വന്തം ഹരജികളിലെ തെറ്റുകൾ തിരുത്തുന്നതിന് പകരം ഇൗ അഭിഭാഷകർ മാധ്യമങ്ങൾക്ക് മുമ്പാകെ പോയി വലിയ പ്രചാരണം നടത്തുകയാണ്’’ -ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.
റഫാലിൽ മോദിസർക്കാറിന് ക്ലീൻ ചിറ്റ് നൽകി പുറപ്പെടുവിച്ച വിധിയിൽ ഇനിയും പുറത്തുവിടാത്ത കംട്രോളർ-ഒാഡിറ്റർ ജനറൽ റിപ്പോർട്ട് പാർലമെൻറിൽ വെച്ചുവെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എഴുതിച്ചേർത്തിരുന്നു. കോടതിമുറിയിൽ കേൾക്കാത്തതായിരുന്നു ഇത്തരമൊരു വാദം.
മോദിസർക്കാർ മുദ്രവെച്ച കവറിൽ കൊടുത്തത് ഹരജിക്കാർക്കുപോലും കൊടുക്കാതെ അപ്പടി പകർത്തിയെഴുതിയതുകൊണ്ടാണ് സുപ്രീംകോടതിക്ക് ഇൗ വലിയ പിഴവ് സംഭവിച്ചത്. ഇത് തിരുത്താൻ മോദിസർക്കാർ പിറ്റേന്നുതന്നെ സുപ്രീംകോടതിയിലേക്കോടിയെങ്കിലും ആ അപേക്ഷ ഇതുവരെയും പരിഗണിച്ചിട്ടില്ല. വസ്തുതാപരമായ അബദ്ധം തിരുത്താൻ അപേക്ഷ നൽകിയ സർക്കാർ ഇത്രയും നാളായിട്ടും അത് പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.