ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി (എ.എ.പി) നേതാവ് രാഘവ് ഛദ്ദ. മനീഷ് സിസോദിയയെ 'വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ നായക'നെന്ന് വിശേഷിപ്പിച്ച അദ്ദേഹം ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് റെയ്ഡുകൾ നടന്നതെന്നും ആരോപിച്ചു. നേരത്തെയും തങ്ങൾക്കെതിരെ റെയ്ഡുകൾ നടന്നിട്ടുണ്ടെന്നും എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
''അമേരിക്കയിലെ പ്രധാന പത്രമായ ന്യൂയോർക്ക് ടൈംസിൽ മനീഷ് സിസോദിയയുടെ ഫോട്ടോ അച്ചടിച്ച് വരികയും ഡൽഹി വിദ്യാഭ്യാസ മോഡൽ പ്രശംസിക്കപ്പെടുകയും ചെയ്ത ദിവസം തന്നെ സി.ബി.ഐ റെയ്ഡ് നടത്തിയത് ബി.ജെ.പിയുടെ നിർദേശപ്രകാരമാണ്'' -ഛദ്ദ ട്വീറ്റ് ചെയ്തു.
പാർട്ടിയുടെ മികച്ച പ്രവർത്തനങ്ങൾ ലോകവ്യാപകമായി അഭിനന്ദിക്കപ്പെടുന്നതിനിടയിലാണ് മനീഷ് സിസോദിയയുടെ വസതിയിൽ സി.ബി.ഐ റെയ്ഡ് നടത്തിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു.
ഡൽഹിയിലെ മദ്യനയം പുനക്രമീകരിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ റെയ്ഡ് നടത്തിയത്. സിസോദിയയുടെ വസതി ഉൾപ്പടെ ഒരേസമയം 20 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിയ സിസോദിയ അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ, കള്ളപ്പണം വെളുപ്പിച്ച കേസിൽ ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിനിനെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.