ന്യൂഡൽഹി: പാർലമെന്റിലെ സസ്പെൻഷൻ, സോണിയ ഗാന്ധിക്കുനേരെയുള്ള എൻഫോഴ്സ്മെന്റ് നടപടി എന്നിവയിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് എം.പിമാരെ മണിക്കൂറുകൾ കസ്റ്റഡിയിൽവെച്ച് പൊലീസ്. കറുത്ത ബലൂണുകൾ പറത്തിയും പ്ലക്കാർഡ് ഉയർത്തിയും റോഡ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു.
മോദിസർക്കാറിന്റെ പകപോക്കൽ ശൈലിക്കെതിരെ പാർലമെന്റ് മന്ദിരത്തിൽനിന്ന് വിജയ് ചൗക്കിലെത്തി രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനാണ് രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ ഒരുങ്ങിയത്. വിജയ് ചൗക്കിലെത്തിയ അവരെ പൊലീസ് തടഞ്ഞു. തുടർന്നാണ് വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ച എം.പി സംഘത്തെ കസ്റ്റഡിയിലെടുത്ത് വാനിൽ കയറ്റാൻ പൊലീസ് ശ്രമിച്ചത്. ചെറുത്തു നിന്നവരെ ബലം പ്രയോഗിച്ച് പൊലീസ് വാനിലാക്കി.
കുത്തിയിരിപ്പ് സത്യഗ്രഹം തുടർന്ന രാഹുൽ ഗാന്ധിയെയും പിന്നീട് നിർബന്ധപൂർവം വാനിൽ കയറ്റി. എം.പി സംഘത്തെ തുടർന്ന് കിലോമീറ്ററുകൾ അകലെയുള്ള കിങ്സ്വേ പൊലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ലോക്സഭയിൽനിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്യപ്പെട്ട ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മണിക്കം ടാഗോർ, മുതിർന്ന നേതാക്കളായ ജയ്റാം രമേശ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കിങ്സ്വേ ക്യാമ്പിനു മുന്നിലെ റോഡ് ഉപരോധിച്ച് പലവട്ടം പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചു. എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽനിന്ന് പ്രതിഷേധപ്രകടനത്തിനൊരുങ്ങിയ സംഘത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേരളത്തിൽനിന്നെത്തിയ എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ എന്നിവരും ഇക്കൂട്ടത്തിൽ മണിക്കൂറുകൾ കസ്റ്റഡിയിലായി.
കസ്റ്റഡിയിലായതോടെ കോൺഗ്രസ് എം.പിമാർക്ക് പാർലമെന്റിലെ പ്രതിഷേധങ്ങളിൽ തുടർന്ന് പങ്കെടുക്കാനായില്ല. പൊലീസ് രാഷ്ട്രമായി ഇന്ത്യ മാറിയെന്നും മോദിയാണ് അതിന്റെ രാജാവെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ ചർച്ചകൾ അനുവദിക്കുന്നില്ല. രാഷ്ട്രപതി ഭവനിലേക്ക് പോകാനും പരാതി പറയാനും എം.പിമാർക്കുപോലും അനുവാദമില്ലാത്ത സ്ഥിതിയായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബലം പ്രയോഗിച്ച് തങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യംചെയ്യുന്ന, നാല് പാർട്ടി എം.പിമാർ ലോക്സഭയിൽ സസ്പെൻഷനിലായ സാഹചര്യങ്ങളിൽ കോൺഗ്രസ് നേതാക്കളും എം.പിമാരും കഴിഞ്ഞദിവസം യോഗംചേർന്ന് അടുത്ത പ്രതിഷേധ നടപടി ചർച്ച ചെയ്തിരുന്നു. ഇതേത്തുടർന്നാണ് പ്രതിഷേധമാർച്ച് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.