ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുവേണ്ടി മുതിർന്ന നേതാക്കളുടെ വകയായും വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 89 സെറ്റ് പത്രികകൾ സമർപ്പിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാനും വരണാധികാരിയുമായ മുല്ലപ്പള്ളി രാമചന്ദ്രനു മുമ്പാകെയാണ് രാഹുൽ നാമനിർദേശപത്രിക സമർപ്പിച്ചത്. തെരഞ്ഞെടുപ്പ് അതോറിറ്റി ആസ്ഥാനമായ 24-അക്ബർ റോഡിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പത്രിക സമർപ്പണം. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. എതിർസ്ഥാനാർഥിയില്ലാത്തതിനാൽ ചൊവ്വാഴ്ച തന്നെ അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പു നടപടികൾ അവസാനിക്കും. വോെട്ടടുപ്പ് ആവശ്യമായി വന്നാൽ മാത്രമാണ് തുടർനടപടി. ഒൗപചാരികമായി രാഹുൽ ഗാന്ധി സ്ഥാനമേൽക്കുന്നത് എ.െഎ.സി.സി സമ്മേളനത്തിലായിരിക്കും.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, വിവിധ പി.സി.സി പ്രസിഡൻറുമാർ, പ്രവർത്തകസമിതി അംഗങ്ങൾ, എ.െഎ.സി.സി ഭാരവാഹികൾ തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് ആസ്ഥാനത്ത് എത്തിയിരുന്നു. കേരളത്തിൽനിന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ എന്നിവർ ഞായറാഴ്ചതന്നെ ഡൽഹിയിലെത്തിയിരുന്നു. ഉമ്മൻ ചാണ്ടി വിട്ടു നിന്നു. എ.കെ ആൻറണിയും വി.എം. സുധീരനും ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡൽഹിയിലെത്താനായില്ല. കേരളത്തിൽനിന്ന് മുതിർന്ന നേതാക്കൾ ഒപ്പിട്ട മൂന്നു സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധിക്കുവേണ്ടി വരണാധികാരിക്ക് കൈമാറിയത്.
കോൺഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ 10 സജീവ പ്രവർത്തകരുടെ കൈയൊപ്പുള്ള നാമനിർദേശപത്രികയാണ് സമർപ്പിക്കേണ്ടത്. 90 ഫോറങ്ങൾ വിവിധ സംസ്ഥാനങ്ങളിേലക്കും മറ്റുമായി വരണാധികാരി വിതരണം ചെയ്തിരുന്നു. പ്രവർത്തകസമിതിയുടെ വകയായും മുതിർന്ന നേതാക്കളുടെയും മുഖ്യമന്ത്രിമാരുടെയും വകയായും വെവ്വേറെ പത്രികകൾ രാഹുലിനുവേണ്ടി സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.