'ആർ.എസ്​.എസുകാർ ഈ മതസൗഹാർദം കണ്ടുപഠിക്ക​ണം'; വാവര്​ പള്ളിയെയും ശ്രീധർമശാസ്താ ക്ഷേത്രത്തെതും ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

എരുമേലി: എല്ലാ മതസ്ഥരും പരസ്പരം ബഹുമാനിക്കുകയും അവരവരുടെ വിശ്വാസങ്ങൾക്ക്​ പൂർണാധികാരം നൽകാനും ഉത്തമ ഉദാഹരണമാണ് എരുമേലിയിലെ റോഡി​െൻറ ഇരുവശത്തുമായി മുഖാമുഖം സ്ഥിതി ചെയ്യുന്ന മുസ്​ലിം - ഹിന്ദു ദേവാലയങ്ങളെന്ന് കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ്​ പര്യടന ഭാഗമായി എരുമേലിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ ജാതി-മത സ്പർധ വളർത്തുന്ന ബി.ജെ.പിയും ആർ.എസ്​.എസും എരുമേലിയിലെ ജനങ്ങളെ കണ്ടുപഠിക്കണം. എരുമേലി ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പെട്രോൾ, ഡീസൽ വില വർധന, ജി.എസ്.ടി തുടങ്ങിയ പദ്ധതികൾ വഴി ജനങ്ങളുടെ പണം പിഴിയുകയാണ് കേന്ദ്ര സർക്കാറിെൻറ ലക്ഷ്യം. സാമ്പത്തികരംഗം പുനരുജ്ജീവിപ്പിക്കണമെങ്കിൽ പാവങ്ങളുടെ കൈകളിൽ പണം എത്തണം. ജനങ്ങളുടെ കൈകളിൽ പണം എത്തിയാൽ വിപണി സജീവമാകും. സാമ്പത്തികനില മെച്ചപ്പെടും.റബർ കർഷകർക്ക് കിലോക്ക്​ 250 രൂപ നൽകിയും ന്യായ് പദ്ധതി വഴി 6000 രൂപ അക്കൗണ്ടുകളിൽ എത്തിച്ചും ഇത്​ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഉച്ചക്ക്​ രണ്ടോടെ എരുമേലിയിൽ എത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് നൽകിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ എരുമേലിയിലെ പാതയോരങ്ങളിൽ തടിച്ചു കൂടി. തുറന്ന വാഹനത്തിൽ പേട്ടക്കവലയിലെത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. എരുമേലി ശ്രീധർമശാസ്താ ക്ഷേത്രം, പേട്ട ശ്രീധർമശാസ്താ ക്ഷേത്രം, നൈനാർ ജുമാ മസ്ജിദ് (വാവരുപള്ളി) എന്നിവിടങ്ങൾ സന്ദർശിച്ചു. ആ​േൻറാ ആൻറണി എം.പി, കെ.സി. വേണുഗോപാൽ എം.പി, സ്ഥാനാർഥി ടോമി കല്ലാനി എന്നിവരും പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.