ഓർഡിനൻസ് കീറിയെറിഞ്ഞത് രാഹുലിന് തന്നെ വിനയാകുമോ? തടവുശിക്ഷക്കു പിന്നാലെ എം.പി സ്ഥാനം തുലാസിൽ

മാനനഷ്ടക്കേസിൽ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലെന്ന വാർത്തകൾ പുറത്തുവരുന്നതിന് പിന്നാലെ ചർച്ചയാവുകയാണ് 2013ൽ നടന്ന ഒരു സംഭവം. അന്നും കഥയിലെ നായകൻ രാഹുൽ തന്നെയായിരുന്നു. യു.പി.എ സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് രാഹുൽ പരസ്യമായി കീറിയെറിഞ്ഞതാണ് വാർത്തകളിൽ ഇടംപിടിച്ചത്.

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് തടയുന്ന ഓർഡിനൻസാണ് അന്ന് രാഹുൽ കീറിയെറിഞ്ഞത്. രണ്ട് വർഷമോ അതിൽക്കൂടുതലോ സമയം തടവുശിക്ഷക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധിയെ ഉടനടി അയോഗ്യനാക്കുന്നത് തടയുന്നതായിരുന്നു ഓർഡിനൻസ്. എന്നാൽ രാഹുൽ പരസ്യമായി എതിർത്തതോടെ ഓർഡിനൻസ് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ രാഹുലിന്റെ ശിക്ഷാവിധി പുറത്തുവന്നതോടെ പഴയ സംഭവവും ചർച്ചയാവ​ുകയാണ്.

രാഹുൽ ശിക്ഷിക്കപ്പെട്ട കേസില്‍ മേല്‍ക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍ അയോഗ്യത നേരിടേണ്ടിവരുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി മേല്‍ക്കോടതി സ്റ്റേ ചെയ്താലേ രാഹുൽ ഗാന്ധിക്ക് എംപിയായി തുടരാനാകൂ. രണ്ട് വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്റെ എംപി സ്ഥാനം നഷ്ടമാവും. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ ശിക്ഷ വിധിക്കുന്ന അന്നു മുതൽ അയോഗ്യരാവും. ഇതനുസരിച്ച് രാഹുൽ ഇപ്പോൾത്തന്നെ എം.പി സ്ഥാനത്തിന് അയോഗ്യനെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

2013 ജൂലൈ 13ന് സുപ്രീം കോടതി പരിഗണിച്ച ലില്ലി തോമസ് vs ഇന്ത്യാ ഗവണ്‍മെന്‍റ് കേസിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. രാഹുലിന്റെ കേസില്‍ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനായി രാഹുലിന് ജാമ്യവും അനുവദിച്ചു. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് എംപി സ്ഥാനം നഷ്ടമാവും. കൂടാതെ ആറു വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കും വരും.

മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളൻമാർക്കും മോദി എന്നു പേരുള്ളത് എന്തുകൊണ്ടാണ്’ എന്നായിരുന്നു രാഹുലിന്റെ പരാമർശം.

രാഹുലിന്റെ പരാമർശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. വിചാരണക്കിടെ രാഹുൽ ഗാന്ധി കോടതിയിലെത്തിയിരുന്നു. 2021 ഒക്ടോബറിലാണ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ അവസാനമായി ഹാജരായത്.

Tags:    
News Summary - Rahul Gandhi: From trashing ordinance that sought to save convicted netas to being sentenced himself. What next?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.