ബംഗളൂരു: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരിക്കൽ വൻമോഷണം നടത്തിയയാൾക്ക് കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ കഴിയില്ലെന്നും മോദിക്ക് തെൻറ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ ഭയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ ബിദറിൽ നടന്ന കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. റഫാൽ ഇടപാടിൽ പരസ്യസംവാദത്തിന് മോദിയെ ക്ഷണിച്ചുകൊണ്ടുള്ള വെല്ലുവിളി രാഹുൽ ഗാന്ധി ആവർത്തിച്ചു. റഫാൽ ഇടപാടിനെക്കുറിച്ച സംവാദത്തിൽ മോദിക്ക് എത്ര മണിക്കൂറുകൾ വേണമെങ്കിലും സംസാരിക്കാം. ഇടപാടിനെക്കുറിച്ച് രാജ്യത്തോട് കള്ളത്തരം പറയുന്ന അദ്ദേഹം ഈ സംവാദം ഏറ്റെടുക്കില്ലെന്നും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
കഴിഞ്ഞ ദിവസം റഫാൽ ഇടപാട് സുതാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മോദിയുടെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിെൻറ പ്രതികരണം. ബംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിനെ ഒഴിവാക്കി, മോദി സർക്കാറാണ് ഇടപാടിൽ മാറ്റം വരുത്തിയതെന്ന് രാഹുൽ ആരോപിച്ചു.
വിഷയത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമൻ പറയുന്നതും കള്ളമാണ്. എച്ച്.എ.എല്ലിനെ പുറത്താക്കിയതോടെ എയറോനോട്ടിക്കൽ എൻജിനീയറിങ് മേഖലയിലെ കർണാടകയിലെ നിരവധി യുവാക്കളുടെ ജോലിസാധ്യതയെയാണ് ഇല്ലാതാക്കിയത്. ഫ്രാൻസ് സന്ദർശനത്തിനിടെ നരേന്ദ്രമോദിയോടൊപ്പം റിലയൻസ് ഗ്രൂപ് ചെയർമാൻ അനിൽ അംബാനിയും ഉണ്ടായിരുന്നതായും രാഹുൽ ആരോപിച്ചു.
കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ കാർഷിക വായ്പ എഴുതിത്തള്ളിയ വിഷയത്തിലും രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചോദ്യം ചെയ്തു.
കർണാടകയിലെ സഖ്യസർക്കാർ ആദ്യഘട്ടത്തിൽ 31,000 കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളി. കാർഷിക വായ്പ എഴുതിത്തള്ളുന്നതിെൻറ 50 ശതമാനം തുക നൽകാൻ മോദിയെ െവല്ലുവിളിക്കുകയാണെന്ന് രാഹുൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.