ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങള്‍ ഫേസ്ബുക്ക് മനപൂര്‍വം അവഗണിച്ചെന്ന റിപ്പോര്‍ട്ടില്‍ വിവാദം കത്തിനില്‍ക്കെ, ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനുള്ള കോണ്‍ഗ്രസിന്റെ കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിന്റെ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പക്ഷപാതപരവും സംശയാസ്പദവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കത്തില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
ട്വിറ്ററിലൂടെയാണ് രാഹുല്‍ കത്ത് പുറത്തുവിട്ടത്. വിദ്വേഷ പ്രചാരണങ്ങളിലൂടെയും വ്യാജ വാര്‍ത്തകളിലൂടെയും ജനാധിപത്യത്തില്‍ കൃത്രിമം കാണിക്കുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് തുറന്ന് കാണിച്ചതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക് ഓരോ ഇന്ത്യക്കാരനും ചോദ്യം ചെയ്യേണ്ടതുണ്ട് -കത്ത് പരസ്യപ്പെടുത്തി രാഹുല്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഒപ്പുവെച്ചിരിക്കുന്ന കത്തില്‍, ഇന്ത്യയിലെ ഭരണപാര്‍ട്ടിയായ ബി.ജെ.പിക്ക് വിദ്വേഷ പ്രചാരണത്തിന് ഫേസ്ബുക്ക് അവസരം നല്‍കിയെന്ന അമേരിക്കന്‍ പത്രം 'വാള്‍സ്ട്രീറ്റ് ജേണലി'ന്റെ കണ്ടെത്തല്‍ അപ്രതീക്ഷിത വെളിപ്പെടുത്തലായിരുന്നില്ലെന്ന് പറയുന്നു.
കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കള്‍ അവരുടെ ജീവന്‍ ബലിയര്‍പ്പിച്ച മൂല്യങ്ങളും അവകാശങ്ങളും വിഫലമാക്കുന്നതില്‍ ഫേസ്ബുക്കും പങ്കാളിയായിട്ടുണ്ടാകാമെന്ന് പറയുന്ന കത്തില്‍, നടപടി തിരുത്താന്‍ വൈകിയിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇതിനായി ആദ്യപടിയായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കൃത്യമായ അന്വേഷണം നടത്തി ഒന്നോ രണ്ടോ മാസത്തിനകം റിപ്പോര്‍ട്ട് പരസ്യമാക്കണം, ഇക്കാലയളവില്‍ ഫേസ്ബുക്ക് ഇന്ത്യ ടീമിനെ മാറ്റണം, 2014 മുതല്‍ ഫേസ്ബുക്കില്‍ അനുവദിച്ച വിദ്വേഷ പ്രസംഗ പോസ്റ്റുകളുടെ വിവരങ്ങള്‍ പുറത്തുവിടണം തുടങ്ങിയ ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 14നാണ് 'വാള്‍സ്ട്രീറ്റ് ജേണല്‍' രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഫേസ്ബുക്ക് ഇന്ത്യയുടെ സീനിയര്‍ എക്‌സിക്യുട്ടീവ് അന്‍ഖി ദാസിനെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.