രാജ്യത്തിന്‍റെ ദുരവസ്​ഥ മോദിയുടെ സുഹൃത്തുക്കൾ അവസരമാക്കുന്നു -രാഹുൽ ഗാന്ധി

രാജ്യത്ത്​ വാക്​സിൻ വിലവർധിപ്പിച്ചതിനെതിരേ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യത്തിന്‍റെ ദുരവസ്​ഥ മോദിയുടെ സുഹൃത്തുക്കൾ അവസരമാക്കുകയാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്​ ജനങ്ങളോടുള്ള സർക്കാറിന്‍റെ നീതികേടാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോവിഡ്​ പ്രതിരോധ വാക്​സിനായ കോവിഷീൽഡിന്‍റെ വില സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ പുതുക്കി നിശ്ചയിച്ചിരുന്നു. സംസ്​ഥാന സർക്കാറുകൾക്ക്​ 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക്​ 600 രൂപക്കുമാകും വാക്​സിൻ നൽകുക. മേയ്​ ഒന്നുമുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ വിതരണം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ തീരുമാനം.

കേന്ദ്രസർക്കാറിന്​ കോവിഷീൽഡ്​ ഡോസിന്​ 150 രൂപക്ക്​ തന്നെ ലഭിക്കും. വിദേശ വാക്​സിനുകൾ 1500 രൂപക്കും 750 രൂപക്കുമാണ്​ ലഭ്യമാക്കുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ചൂണ്ടിക്കാട്ടി. സർക്കാറിന്‍റെ പുതിയ നയം പ്രകാരം 50 ശതമാനം വാക്​സിൻ ഡോസുകൾ കേന്ദ്രത്തിന്​ നൽകും. ബാക്കിയുള്ളവ സംസ്​ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും വീതിച്ചുനൽകും. സ്വകാര്യ ആശുപത്രികൾക്ക്​ മേയ്​ ഒന്നുമുതൽ കേന്ദ്രസർക്കാർ വാക്​സിൻ നൽകില്ലെന്ന്​ വ്യക്തമാക്കിയിരുന്നു.

18 വയസിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ വിതരണം ആരംഭിച്ചാൽ 12 ലക്ഷം വാക്​സിൻ ഡോസുകൾ അധികമായി വേണ്ടിവരും. നിലവിൽ ​േകരളം ഉൾപ്പെടെ ചില സംസ്​ഥാനങ്ങളിൽ വാക്​സിൻ ക്ഷാമം രൂക്ഷമാണ്​. വാക്​സിൻ നിർമാതാക്കളായ ​പുണെ സെറം ഇൻസ്റ്റിറ്റ്യുട്ടിനും ഭാരത്​ ബയോടെക്കിനും വാക്​സിൻ ഉൽപ്പാദനത്തിന്​ 4500 കോടി കേന്ദ്രം അനുവദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.