ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോൺഗ്രസ് മുക്ത ഭാരത പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നിന്ന് കോൺഗ്രസിനെ ഇല്ലാതാക്കാൻ ബ്രിട്ടീഷുകാർക്ക് പോലും സാധിച്ചിട്ടില്ലെന്നും പിന്നെ മോദിജിക്ക് ഇത് എങ്ങനെ സാധിക്കുമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. മുംബൈയിൽ വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ യോഗത്തിന് ശേഷം പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"മോദിജി അധികാരത്തിലെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുമെന്ന്... പക്ഷേ ലോകത്തിലെ തന്നെ വലിയ ശക്തിയായ ബ്രിട്ടീഷുകാർ ശ്രമിച്ചിട്ട് നടക്കാത്ത കാര്യം മോദിക്ക് എങ്ങനെ സാധിക്കും?" - രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് നിന്നും ബ്രിട്ടീഷുകാർ കോൺഗ്രസിനെയല്ല, കോൺഗ്രസ് ബ്രിട്ടീഷുകാരെയാണ് തുരത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിൽ കോൺഗ്രസ് നേടിയ വിജയം ഛത്തീസ്ഗഡിലും, തെലങ്കാനയിലും, മധ്യപ്രദേശിലും തുടരും. വരുന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം എൻ.ഡി.എ സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കാവി പാർട്ടിക്കും കോൺഗ്രസിനെ ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അദാനി വിഷയത്തിലും രാഹുൽ ഗാന്ധി മോദിയെ രൂക്ഷമായി വിമർശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധം കോൺഗ്രസിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് മോദിജിയുടെ വിശ്വാസം. ഒരു ബില്യൺ ഡോളറാണ് ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോയത്. ഇതിന് പിന്നിലെ കഥ നിസാരമാണ് - ഇവിടെ നിന്നും പണം പോകുന്നു, അദാനിയുടെ ഷെയറുകൾ മെച്ചപ്പെടുന്നു പണം തിരികെ ഇന്ത്യയിലേക്ക് തന്നെ വരുന്നു. ധാരാവി പുനർവികസന പദ്ധതിക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. "അവർക്ക് ധാരാവി എന്താണെന്നോ ധാരാവിയിലെ ജനങ്ങൾ എന്താണെന്നോ അറിയില്ല. കോൺഗ്രസ് പറഞ്ഞുതരാം. അവർ കരുതുന്നത് ശരിയായ ഇന്ത്യയെ, പാവപ്പെട്ടവന്‍റ ഇന്ത്യയെ തുടച്ചുനീക്കാമെന്നാണ്. പക്ഷേ ആ സത്യം ഒരിക്കലും തുടച്ചുനീക്കാനാകില്ല" - രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.