ന്യൂഡൽഹി: വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ സന്ദർശനവുമായി രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിൽ എത്തുന്നത്. അസമിലെ സിയാച്ചറിൽ തിങ്കളാഴ്ച വിമാനമിറങ്ങുന്ന രാഹുൽ തുടർന്ന് മണിപ്പൂരിലെ ജിരിബാമിലാണ് ആദ്യമെത്തുക. ഇവിടെയുള്ള അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരുമായി കൂടിക്കാഴ്ചക്ക് ശേഷം തുബോംഗ്, മൊയ്രാങ്, ചുരാന്ദ്പൂർ എന്നീ ക്യാമ്പുകളും രാഹുൽ സന്ദർശിക്കും.
പ്രാദേശിക കോൺഗ്രസ് നേതാക്കളുമായും പൊതുജനങ്ങളുമായും സംസാരിക്കും. തുടർന്ന് മണിപ്പൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തും. ഇതിനുമുമ്പ് രണ്ടുതവണ അദ്ദേഹം മണിപ്പൂർ സന്ദർശിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം രാഹുൽ ബി.ജെ.പിക്കെതിരെ മണിപ്പൂർ വിഷയം ശക്തമായി ഉയർത്തിയിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിച്ചതും മണിപ്പൂരിൽ നിന്നായിരുന്നു.
കഴിഞ്ഞ ലോക്സഭാ സമ്മേളനത്തിൽ മണിപ്പൂർ വിഷയം ഉയർത്തി പ്രതിപക്ഷം സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു. മണിപ്പൂരിലെ വംശീയ സംഘർഷം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്തില്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.